ഭാരതത്തിലെ പരിസ്ഥിതി സംരക്ഷകന് വിട….. ഒരു ജീവിതം തന്നെ പ്രകൃതി സംരക്ഷണത്തിനായി മാറ്റി വെച്ച് ഒരു രാജ്യത്താകമാനം തന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിൽ അണുവിട വ്യതിചലിക്കാതെ പ്രായത്തിന്റെ അവശത പോലും അവഗണിച്ച് നേതൃത്വം നൽകിയ ആ മഹാനുഭാവനുമായി നിരവധി തവണ നേരിട്ട് ആശയവിനിമയം നടത്തുവാനും പരിപാടികളിൽ പങ്കെടുക്കാനും കഴിഞ്ഞത് വളരെയേറെ അനുഭവ്യകരമായിരുന്നുവെന്ന് പറയാം.
19 വർഷങ്ങൾക്ക് മുൻപ് 2002 ൽ ആണ് അദ്ദേഹവുമായി ആദ്യമായി ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്. കേരളത്തിലെ 41 നദികളെ സംരക്ഷിക്കുന്നതിന് വേണ്ടി നടത്തിയ യാത്രയുടെ ഫ്ലാഗ് ഓഫ് തിരുവനന്തപുരത്തെ തിരുവല്ലത്തു വെച്ചായിരുന്നു.
2002 ൽ 75 വയസിലും ശാരീരക അവശതകൾ ഉണ്ടായിട്ട് പോലും അദ്ദേഹം തിരുവനന്തപുരത്ത് എത്തി പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. അതിന് ശേഷം 3 വർഷം മുൻപ് അദ്ദേഹത്തിന് നേരിട്ട് കാണാൻ ഉത്തരാഖണ്ഡിലെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ടിരുന്നു. 91 വയസിന്റെ അവശതയിൽ പോലും വളരെ ആവേശത്തിലാണ് അദ്ദേഹവും ഭാര്യ വിംലയും എന്നേയും സിസ്സയുടെ പ്രസിഡന്റ് ഡോ. ജി.ജി. ഗംഗാധരൻ, പരിസ്ഥിതി പ്രവർത്തകൻ ശാന്ത മനോഹർ എന്നിവരെ സ്വീകരിച്ചത്. പ്രായത്തിന്റെ അവശതയിൽ പോലും ഭാരതത്തിലെ പരിസ്ഥിതി പ്രവർത്തകന്റെ സംസാരത്തിലാകെ ആവേശകരം. പ്രകൃതി സംരക്ഷണത്തിനായി ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറാല്ലായിരുന്നു അവസാന നാളുകൾ വരേയും അദ്ദേഹം.
ചിപ്പ്കോ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ അദ്ദേഹത്തിന്റെ ഒരു പോരാട്ട വീര്യവും നഷ്ടപ്പെട്ടിട്ടില്ല എന്ന് കണ്ടപ്പോഴെ തോന്നി. സുന്ദർലാൽജിയെ 19 വർഷം മുമ്പ് തിരുവനന്തപുരത്തെ കരമന നദിയുടെ തീരത്ത് നടന്ന ‘നദീവന്ദനം’ പരിപാടിയിൽ ഉണ്ടായിരുന്ന അതേ ഊർജ്ജസ്വലതയോടെയാണ് അന്ന് കണ്ടത്.
പരിസ്ഥിതി സംരക്ഷണ രംഗത്ത് രംഗത്തെ സിസ്സയുടെ എളിയ സംഭാവനകളെക്കുറിച്ച് സുന്ദർലാൽജിയോട് വിവരിച്ചു. പരിസ്ഥിതിയെ രക്ഷിക്കുന്നതിനായി അവസാന ശ്വാസം വരെ പ്രയത്നിക്കണമെന്നും അതിനുള്ളതാകണം സിസ്സയുടെ പ്രവർത്തനം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കാർഷിക സംസ്കാരത്തിൽ വലിയ മാറ്റം വരുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്യുകയും ട്രീ ഫാമിങ്ങിന്റെ ആവശ്യഗത പറയുകയും ചെയ്തു.
ഡെറാഡൂണിലെ നവധാന്യയുമായി സംയുക്തമായി സഹകരിച്ച് സിസ്സ സംഘടിപ്പിച്ച ഇന്റർനാഷണൽ ബയോഡൈവേഴ്‌സിറ്റി കോൺഗ്രസിൽ പങ്കെടുക്കാൻ അതിയായി ആഗ്രഹിച്ചിരുന്നുവെങ്കിലും യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം അന്ന് പരിപാടിയിൽ പങ്കെടുക്കാൻ അദ്ദേഹത്തിനായില്ല. പരിപാടിക്ക് എല്ലാ വിജയങ്ങളും അദ്ദേഹം ആശംസിച്ചു. അദ്ദേഹത്തിന്റെ പ്രശംസ നേടിയ മൂന്ന് പുസ്തകങ്ങളായ ‘ഹിമാലയം: ദുരന്തത്തിൽ നിന്ന് അതിജീവനം വരെ’, ‘ഒരു സാമൂഹ്യ പ്രവർത്തകനെ ഉണ്ടാക്കുന്നത് സുന്ദർലാൽ മുതൽ എസ്. മാൻ സിംഗ് വരെ’, ‘ഹൃദയത്തിൽ തീയും പിന്നിലെ വിറകും’ എന്നിവ സമ്മാനിച്ചുകൊണ്ടാണ് അദ്ദേഹം നമ്മളെ യാത്രയാക്കിയത്.
ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ ജ്വലിക്കുന്ന ഓർമ്മയാണ് സുന്ദർലാൽ ബഹുഗുണ. ഇന്ത്യയിൽ എത്രയേറെ പരിസ്ഥിതി പ്രസ്ഥാനങ്ങളും, മൂവ്മെന്റുകളും വന്നാലും ആ ദീപ്ത സ്മരണ എന്നും ജ്വലിച്ച് നിൽക്കും.
ഡോ.സി. സുരേഷ് കുമാർ
(സിസ്സ ജനറൽ സെക്രട്ടറി)