തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്റെ ആറ്റിങ്ങല്‍ വെയര്‍ഹൗസില്‍ മോഷണം. അമ്പതിലധികം കേസ് മദ്യം നഷ്ടപ്പെട്ടതായാണ് സൂചന. മെയ് 9 നാണ് സംഭവം നടന്നതെന്നാണ് സൂചന. സിസിടിവി ദൃശ്യങ്ങളുടെ വിശദപരിശോധന നടക്കുന്നു. സംഭവം ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. ആറ്റിങ്ങൽ പരിസരത്ത് നിന്ന് മുദ്രവെക്കാത്ത മദ്യം പിടികൂടിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മദ്യം നഷ്ടപ്പെട്ടതായി അറിഞ്ഞത്.
കഴിഞ്ഞയൊരു മാസമായി കോവിഡിനെ തുടര്‍ന്ന് മദ്യനീക്കം നിലച്ചിരിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് വ്യാജമദ്യം പരിസരത്ത് വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നു. തുടര്‍ന്നു എക്‌സൈസ് നടത്തിയ അന്വേഷണത്തിലാണ് ആറ്റിങ്ങല്‍ പരിസരത്ത് നിന്നും വിദേശമദ്യം പിടിച്ചെടുത്തത്. ഇതില്‍ എക്‌സൈസിന്റെ പരിശോധന മുദ്രയില്ലെന്ന വിവരമാണ് പരിശോധന ആറ്റിങ്ങല്‍ വെയര്‍ഹൗസിലേക്ക് വ്യാപിപിച്ചത്.
ഗോഡൗണ്‍ പരിശോധിക്കുന്നതിനായി വെയര്‍ഹൗസ് മാനേജരെ വിളിച്ചു വരുത്തി നടത്തിയ അന്വേഷണത്തിലാണ് അമ്പതിലധികം കെയ്‌സ് മദ്യത്തിന്റെ കുറവ് കണ്ടെത്തിയത്. ഈ വെയര്‍ഹൗസില്‍ നിന്നും മദ്യം മോഷണം പോകുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്തും സമാനസംഭവങ്ങളുണ്ടായി. അന്ന് ഇവിടെ നിന്ന് 40 കെയ്‌സോളമാണ് കാണാതായത്. ലോക്ക്ഡൗണിനു ശേഷം ഗോഡൗണ്‍ തുറന്ന് സ്‌റ്റോക്ക് എടുത്തപ്പോഴാണ് സ്‌റ്റോക്കില്‍ കുറവു കണ്ടത്. തുടര്‍ന്ന് മാനേജരടക്കം ഫൈന്‍ അടച്ചിരുന്നു.
ഇപ്പോഴത്തെ സംഭവത്തില്‍ വെയര്‍ഹൗസിന്റെ പൂട്ട് പൊളിക്കുകയോ മറ്റ് ഏതെങ്കിലും വിധത്തില്‍ മോഷണശ്രമമോ ഇതുവരെയും ഇവിടെ കണ്ടെത്തിയിട്ടില്ല. വെയര്‍ഹൗസ് മാനേജര്‍ക്കു പുറമേ, മദ്യം സൂക്ഷിക്കുന്നതിന്റെ താക്കോല്‍ ഉള്ളത് എക്‌സൈസ് അധികൃതരുടെ കൈയിലാണ്. താക്കോല്‍ ഡ്യൂപ്ലിക്കേറ്റ് ചെയ്താവണം മോഷണം നടത്തിയിട്ടുണ്ടാവുകയെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്.
മദ്യം സുരക്ഷിതമായി സൂക്ഷിക്കുന്ന വെയര്‍ഹൗസില്‍ നിന്നു തന്നെ മദ്യം മോഷ്ടിച്ചുവെന്നത് എക്‌സൈസിനെ അമ്പരിപ്പിക്കുന്നതാണ്. ഇതോടെ, സംഭവം എക്‌സൈസ് കമ്മീഷണറേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് മറ്റ് വെയര്‍ഹൗസുകളിലും സമാന സംഭവങ്ങള്‍ നടന്നിട്ടുണ്ടോയെന്നും എക്‌സൈസ് പരിശോധന നടത്തിയേക്കും. സംഭവം രഹസ്യമാക്കിയാണ് അന്വേഷണം നടത്തുന്നത്. പ്രതികളെയാരും പിടികൂടിയിട്ടില്ല.