ഗാസ: ദിവസങ്ങളായി തുടരുന്ന അക്രമങ്ങൾക്ക് വിരാമമിട്ട് വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസും തമ്മില്‍ ധാരണ. വെടിനിര്‍ത്തലിനുള്ള തീരുമാനത്തിന് സുരക്ഷാ കാബിനറ്റ് അംഗീകാരം നല്‍കിയതായി ഇസ്രായേല്‍ അറിയിച്ചു. ഇതിനു പിന്നാലെ ഉപാധികളില്ലാത്ത വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി ഹമാസും പ്രതികരിച്ചു.
സഖ്യ കക്ഷിയായ അമേരിക്ക കൂടി നിലപാട് കടുപ്പിച്ചതോടെയാണ് വെടിനിര്‍ത്തല്‍ എന്ന ലോകരാജ്യങ്ങളുടെ ആവശ്യത്തിലേക്ക് ഇസ്രായേല്‍ ഇറങ്ങിവന്നത്. രാത്രി വൈകി ചേര്‍ന്ന സുരക്ഷാ കാബിനറ്റാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഹമാസും അനുകൂലമായി പ്രതികരിച്ചതോടെ 11 ദിവസം നീണ്ട പോരാട്ടത്തിന് പരിസമാപ്തിയായി.തൊട്ടുപിന്നാലെ ഇസ്രായേലിന്റെ വിശദീകരണവുമെത്തി. ഈജിപ്ത് മുന്‍കൈ എടുത്ത് നടത്തുന്ന സമാധാന ശ്രമങ്ങളോട് സഹകരിക്കുകയാണെന്നും ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ ഷിന് ബെറ്റിന്റെയും ചാരസംഘടനയായ മൊസ്സാദിന്റെയും ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് വഴങ്ങിയാണ് ഉപാധികളില്ലാത്ത വെടിനിര്‍ത്തല്‍ എന്നും ഇസ്രായേല്‍ വിശദീകരണക്കുറിപ്പ് ഇറക്കി. ഇതിനുപിന്നാലെ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് സ്ഥിരീകരിച്ചു.
രണ്ട് മണിയോടെ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി പ്രഖ്യാപിച്ച ഹമാസ്, ധാരണ പലസ്തീന്റെ ജയമാണെന്ന് പ്രതികരിച്ചു. അതേസമയം ഇരുവിഭാഗവും ധാരണ സ്ഥിരീകരിച്ചതിന് പിന്നാലെ റോക്കറ്റ് ആക്രമണത്തിന്റെ ഭാഗമായുള്ള സൈറണ്‍ ഇസ്രായേലില്‍ മുഴങ്ങിയത് ആശങ്ക പരത്തി. പിന്നാലെ, ഗാസയില്‍ വ്യോമാക്രമണം നടന്നതായി വിദേശ വാര്‍ത്താ ഏജന്‍സിയുടെ പ്രതിനിധിയും വ്യക്തമാക്കി. ഇതിനോട് ഇരുവിഭാഗങ്ങളും പ്രതികരിച്ചിട്ടില്ല.
വെടിനിര്‍ത്തല്‍ നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താനായി ഗാസയിലേക്ക് പ്രത്യേക സംഘത്തെ അയക്കുമെന്ന് ഈജിപ്ത് വ്യക്തമാക്കിയിട്ടുണ്ട്.
വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ കഴിഞ്ഞ 11 ദിവസമായി ഇസ്രായേൽ നടത്തുന്ന ക്രൂര ആക്രങ്ങൾക്കാണ് അവസാനമാകുന്നത്.100 കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 232 പേര് ഗാസയിലും 12 പേര് ഇസ്രായേലിലും ഇതിനകം കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്.















