തിരുവനന്തപുരം: എല്‍.ഡി.എഫിന്റെ തുടര്‍ഭരണം കേരള ചരിത്രത്തിലെ സമുജ്വലമായ പുതിയതുടക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന് മുന്നോട്ടുള്ള പാതയൊരുക്കാൻ ദീർഘദൃഷ്ടിയുള്ള ഇടപെടലുകളാണ് കഴിഞ്ഞ അഞ്ച് വർഷം സർക്കാർ നടത്തിയത്. അതിന്റെ തുടർച്ചയാണ് ഇപ്പോഴുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാം പിണറായി മന്ത്രിസഭയുടെ ആദ്യയോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍.ഡി.എഫിന്റെ പ്രകടനപത്രികയുടെ ഭാഗമായി ഓരോ വര്‍ഷവും പൂര്‍ത്തിയാക്കിയ വാഗ്ദാനങ്ങള്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് ആക്കി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത് രാജ്യത്തിനാകെ മാതൃകയായി മാറി. പൊതുമേഖലയെ നഷ്ടക്കണക്കിന്റെ ഇടവേളകളില്‍നിന്ന് മോചിപ്പിച്ച് ലാഭത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. മുടങ്ങിക്കിടന്ന ഗെയ്ല് പൈപ്പ് ലൈനും ദേശീയ പാതാവികസനവും വൈദ്യുത പ്രസരണ പദ്ധതികളും യാഥാര്‍ഥ്യമാക്കി. അതോടൊപ്പം വിജ്ഞാനസമൂഹത്തെ വികസിപ്പിക്കുന്നതിനുള്ള കെ ഫോണ്‍ പോലുള്ള ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്കരിച്ച് മുന്നോട്ടു പോയെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൻ്റെ സാമൂഹ്യ അടിത്തറ പാകിയത് 1957ലെ കമ്മ്യൂണിസ്റ്റ് സർക്കാരാണെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഭൂപരിഷ്കരണവും, അധികാരവികേന്ദ്രീകരണത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളും, വിദ്യാഭ്യാസ ബില്ലും, സാമൂഹിക നീതി ഉറപ്പാക്കാനുള്ള നീക്കങ്ങളും ഇടത് പക്ഷം നയിച്ച സർക്കാരാണ് അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബിയുടെ രൂപീകരണം, ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് എന്നിവ എടുത്ത് പറയേണ്ടതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ ഇടപെടലുകൾ വലിയ കുതിപ്പാണ് കേരളത്തിനുണ്ടാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോ വർഷവും സർക്കാർ പൂർത്തിയാക്കിയ കാര്യങ്ങൾ പ്രോഗ്രസ് റിപ്പോർട്ടായി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത് രാജ്യത്തിനാകെ തന്നെ അത്ഭുതമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
മതനിരപേക്ഷതയിലും നവോത്ഥാന മൂല്യങ്ങളിലും അടിയുറച്ച് നിൽക്കുന്ന പാരമ്പര്യം സംരക്ഷിക്കുന്നതിന് സർക്കാർ ശക്തമായി ഇടപെട്ടു. പൊരത്വ ഭേദഗിത നിയമം നടപ്പാക്കില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പലഭാഗത്തും വർഗീയ സംഘർഷങ്ങൾ ആളിപ്പടർന്നപ്പോഴും മതസൗഹാർദത്തിന്റെ നാടായി കേരളത്തെ നിലനിർത്തുമെന്ന വാഗ്ദാനം നടപ്പാക്കാനായി എന്നതാണ് കഴിഞ്ഞ വർഷത്തെ പ്രധാന കാര്യമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കാർഷിക-വ്യവസായ മേഖലകളുടെ ഉന്നമനം, പരമ്പരാഗത മേഖലയുടെ സംരക്ഷണം, ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉന്നമനം എന്നിവയെല്ലാം പ്രധാന ലക്ഷ്യമായിരുന്നു. സമ്പദ് ഘടനയിലെ പരിമിത വിഭവങ്ങളെ ഉൽപ്പാദന ക്ഷമവും സാമൂഹിക പ്രാധാന്യമുള്ള പദ്ധതികൾക്കായി വിനിയോഗിക്കാനുള്ള ആസൂത്രണമാണ് സർക്കാർ നടപ്പാക്കിയത്. കിഫ്ബി രൂപീകരണം, ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്നിവ എടുത്തുപറയണം. ഇത് കേരളത്തിന്റെ വികസനത്തിന് വലിയ കുതിപ്പായെന്നും അദ്ദേഹം പറഞ്ഞു.















