തൃശ്ശൂർ ജില്ലയിലെ, വേലൂർ ഗ്രാമപഞ്ചായത്ത് നിവാസികൾക്ക് കോവിഡുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒരൊറ്റ ജാലകത്തിലൂടെ ലഭ്യമാക്കുന്ന കേന്ദ്രീകൃത ഡിജിറ്റൽ പ്ലേറ്റ്ഫോം ആണ് ‘ഗ്രാസ്‌വേ കോവിഡ് ഫോക്കസ്’ എന്ന പോർട്ടൽ. ഒരുപക്ഷെ കേരളത്തിൽ ആദ്യമായിട്ടായിരിക്കണം ഇത്തരത്തിൽ ഒരു പോർട്ടൽ. ഈ കോവിഡ് രണ്ടാം തരംഗകാലത്ത് ഒരുപാട് തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പാറി നടക്കുന്ന കാര്യം എല്ലാവർക്കും അറിയാമല്ലോ, അതിനൊപ്പം സ്വന്തം നാടിൻറെ അവസ്ഥ എന്താണെന്ന് അറിഞ്ഞിരിക്കാൻ ഏതൊരു നാട്ടുകാരനും ആഗ്രഹിക്കുന്നുമുണ്ടാകും. അതുകൊണ്ടാണല്ലോ വൈകുന്നേരം ലഭിക്കുന്ന കോവിഡ് കണക്കിനായി നമ്മൾ കാത്തിരിക്കുന്നതും. ഈ അവസരത്തിലാണ് കേന്ദ്രീകൃത സ്വഭാവമുള്ള ഒരു ഇൻഫോർമേഷൻ പോർട്ടലിനെ കുറിച്ച് അവിടെയുള്ള ഒരു പറ്റം യുവാക്കൾ ചിന്തിക്കുന്നത്. മറ്റു ഗ്രാമങ്ങൾക്കും മാതൃകയാക്കാവുന്നതാണ്.
തൃശ്ശൂർ ജില്ലയിലെ, വേലൂർ ഗ്രാമപഞ്ചായത്തിൽ 18 വർഷകാലമായി പ്രവർത്തിക്കുന്ന സംഘടനയാണ് ഗ്രാമ്യ സംസ്കൃതി വേലൂർ എന്ന ഗ്രാസ്‌വേ (https://www.facebook.com/grasway). ലഹരി വിമുക്ത ആശയം ഉൾകൊണ്ട് ആരംഭിച്ച കൂട്ടായ്മ എന്നതിനാൽ, ഗ്രാസ്‌വേ അംഗങ്ങൾ എല്ലാവരും ലഹരി ഉപയോഗിക്കാത്തവരാണ്, നിലവിൽ 146 അംഗങ്ങൾ ഉണ്ട്. വർഷങ്ങളായി വേലൂരിലെ കലാ- സാംസ്കാരിക-കായിക രംഗത്ത് ഇടപെടുന്ന യുവജന കൂട്ടായ്മയായ ഗ്രാസ്‌വേ, കോവിഡ് കാലത്താണ് ഓൺലൈൻ സംവിധാനങ്ങളുടെ സാധ്യതകളെ ഉപയോഗിച്ച്കൊണ്ട് തൃശ്ശൂർ ജില്ലക്ക് പുറത്തേക്ക് പ്രവർത്തനങ്ങൾ ഓൺലൈൻ വഴി വ്യാപിപ്പിക്കുന്നത്. ഈ വർഷം മുതൽ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള 10 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് അംഗത്വം നൽകിയിട്ടുണ്ട്, പാൻഡമിക്ക് സമയത്ത് ഡിജിറ്റൽ സാക്ഷരതാ മിഷൻ പദ്ധതിയുടെ ഭാഗമായി 1200 ലധികം പേർക്കായി വിവിധ ഡിജിറ്റൽ ശില്പശാലകൾ നടത്തുകയുണ്ടായി. അവ തുടർന്ന് പോകുന്നു.
വളരെ ന്നായിട്ടുണ്ട്. കോവിഡിന്റെ കാര്യത്തിൽ മാത്രമല്ല എല്ലാ ഗ്രാമങ്ങളിലും ആളുകൾക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ഒരു വെബ്‌സൈറ്റിൽ വരണമെന്നാണ് എൻറെ ആഗ്രഹം. സർക്കാർ തലത്തിൽ ഇത്തരം വെബ്‌സൈറ്റിനുള്ള ഫ്രെയിംവർക്ക് ഉണ്ടാക്കിയിട്ടുണ്ട്, പക്ഷെ അതിനകത്ത് പോയി നോക്കിയാൽ ഒന്നുമുണ്ടാകില്ല. ഇതൊക്കെ മാറും എന്ന് പ്രതീക്ഷിക്കുന്നു.
ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ!
മുരളി തുമ്മാരുകുടി