ദാരിദ്യത്തോട് പടവെട്ടിയാണ് ജെ ചിഞ്ചുറാണി എന്ന സിപിഐ നേതാവ് കേരള മന്ത്രിസഭയിലേക്കെത്തുന്നത്. കന്നിയങ്കത്തില്‍ തന്നെ വിജയം നേടിയ അവര്‍, കശുവണ്ടിത്തൊഴിലാളി നേതാവായിരുന്ന അച്ഛന്റെ കൈപിടിച്ചാണ് രാഷ്ട്രീയത്തിന്റെ പടവുകള്‍ കയറിയത്. സിപിഐ ദേശീയ കൗണ്‍സില്‍ അംഗമായ ചിഞ്ചുറാണി സ്ത്രീ ശാക്തീകരണത്തിന്റെ മുന്നണിപ്പോരാളി കൂടിയാണ്.
1988 ല്‍ കൊല്ലം ഇരവിപുരം പഞ്ചായത്ത് ഭരണസമിതി അംഗമായി ചുമതലയേറ്റു. പിന്നീട് ജില്ലാ പഞ്ചായത്തംഗവും, ഉപാധ്യക്ഷയുമായി. കൊല്ലം കോര്‍പറേഷന്റെ ആദ്യ ഭരണ സമിതിയിലും ചിഞ്ചുവിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. എഐ എസ്എഫിന്റെ യൂണിറ്റ് കമ്മിറ്റിയില്‍ നിന്ന് സിപിഐ യുടെ ദേശീയ നിര്‍വാഹക സമിതി അംഗത്വത്തോളം ഇതിനിടെ ചിഞ്ചുവിലെ സംഘടനാ പ്രവര്‍ത്തകയും വളര്‍ന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന പൗള്‍ട്രി കോര്‍പറേഷന്റെ അധ്യക്ഷയായി സേവനമനിഷ്ഠിച്ചിട്ടുണ്ട്.
അറിയപ്പെടുന്ന കായിക താരം കൂടിയായിരുന്നു ജെ ചിഞ്ചുറാണി. 1981 ല്‍ ഡല്‍ഹിയില്‍ റിപ്പബ്‌ളിക് ദിനാഘോഷ ചടങ്ങുകളുടെ ഭാഗമായി സംഘടിപ്പിച്ച ക്രോസ് കണ്‍ട്രി റെയ്‌സില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. പിന്നീട് ആ പെണ്‍കുട്ടി കായിക താരത്തിന്റെ മെയ് വഴക്കത്തോടെയാണ് രാഷ്ട്രീയ ഭൂമികയിലേക്ക് ഓടിക്കയറിയത്.
കമ്മ്യൂണിസ്റ്റ് സഹയാത്രികന്‍ തന്നെയായ സുകേശനാണ് ചിഞ്ചുറാണിയുടെ ജീവിത സഖാവ്. മക്കളായ നന്ദുവും, നന്ദനയും നല്‍കുന്ന പിന്തുണ കൂടിയാണ് ചിഞ്ചുറാണിയിലെ രാഷ്ട്രീയക്കാരിയുടെ ഊര്‍ജം.