രണ്ടാം പിണറായി മന്ത്രിസഭയില്‍ അംഗമാകുന്ന പി രാജീവിന് ഇത് അര്‍ഹിക്കുന്ന അംഗീകാരം. മികച്ച പാര്‍ലമെന്റേറിയനെന്ന പേരെടുത്ത സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ. പത്തു വര്‍ഷമായി മുസ്ലിം ലീഗ് കോട്ടയായ കളമശ്ശേരിയില്‍ നിന്ന് 15,336 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ആദ്യമായി നിയമസഭയിലെത്തുമ്പോള്‍ വ്യവസായ മന്ത്രി സ്ഥാനവും രാജീവിനെ തേടിയെത്തിയത് രാഷ്‌ടീയ ജീവിതത്തിലെ അദ്ദേഹത്തിന്റെ കഴിവുകൾ കൊണ്ടുതന്നെയാണ്.
സ്‌കൂള്‍ കാലം മുതലേ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു രാജീവ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായ രാജീവ്പിന്നീട് എറണാകുളത്തെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും സിഐടിയു. ജോയിന്റ് സെക്രട്ടറിയുമായി. പി രാജീവിന്‍റെ പാര്‍ട്ടിയിലെ വളർച്ച വളരെ വേഗത്തിലായിരുന്നു.
2009-ല്‍ കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗമായ രാജീവ് 2016 വരെ രാജ്യസഭയിലെ തിളക്കമുള്ള പ്രതിനിധി തന്നെയായിരുന്നു. രാജ്യസഭയിലെ ചെയര്‍മാന്‍ പാനല്‍ അംഗവും അഷ്വറന്‍സ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു രാജീവ്. രാജ്യസഭാംഗത്വത്തില്‍ നിന്ന് വിരമിക്കുമ്പോള്‍ എതിര്‍പക്ഷത്തുള്ള മുതിര്‍ന്ന അംഗങ്ങൾ വരെ രാജീവിനെ രണ്ടാംവട്ടവും രാജ്യസഭയില്‍ എത്തിക്കണമെന്ന ആവശ്യമുയര്‍ത്തിയതു തന്നെ രാജീവിന്റെ പ്രവര്‍ത്തനമികവിനുപാര്‍ലമെന്റിലേക്ക് നല്‍കിയ സംഭാവന പരിള്ള ഉദാഹരണമാണ്. സന്‍സദ് രത്‌ന പുരസ്‌കാരം നല്‍കിയാണ് രാജ്യസഭ പി. രാജീവിന് യാത്രയയപ്പ് നല്‍കിയത്. ഐടി. ആക്ടിലെ വിവാദമായ 66(എ) വകുപ്പിനെതിരെ രാജീവ് രാജ്യസഭയില്‍ അവതരിപ്പിച്ച പ്രമേയം ദേശീയശ്രദ്ധ നേടി.
2013-ല്‍ ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയെ രാജ്യത്തെ പ്രതിനിധീകരിച്ച് അഭിസംബോധന ചെയ്തു. പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, സ്പീക്കര്‍ എന്നിവര്‍ക്കൊപ്പം ലോകരാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രതിനിധി സംഘങ്ങളിലും രാജീവ്അംഗമായി. എം.പി. ഫണ്ട് ഉപയോഗിച്ച് ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ ആവിഷ്‌കരിച്ച പദ്ധതികളും മറ്റു സംസ്ഥാനങ്ങളിലെ എം.പിമാരുടെ ഫണ്ടും പൊതു-സ്വകാര്യ കമ്പനികളുടെ സി.എസ്.ആര്‍. ഫണ്ടും സ്വകാര്യ സംഭാവനകളും ഏകോപിപ്പിച്ചുള്ള മാതൃകയും രാജീവിന്റെ നേട്ടങ്ങളാണ്.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എറണാകുളത്തു നിന്ന് മത്സരിച്ചെങ്കിലും പരാജയപെട്ടിരുന്നു. അഞ്ചു പുസ്തങ്ങളുടെ കര്‍ത്താവായ രാജീവ് നിലവില്‍ ദേശാഭിമാനി മുഖ്യപത്രാധിപര്‍ കൂടിയാണ്.