രാജ്യത്തെ പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ ഇലക്ട്രിക്കും ഡൽഹി ആസ്ഥാനമായ ഇലക്ട്രിക് ഫ്ളീറ്റ് സ്റ്റാര്‍ട്ടപ്പായ മൂവിംഗും പങ്കാളിത്തം പ്രഖ്യാപിച്ചു. ഇന്ത്യയില്‍ കൂടുതല്‍ വേഗത്തില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗത്തില്‍ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് ഈ സഹകരണം.
2030 ഓടെ പത്ത് ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കപ്പെടുമെന്ന് ഉറപ്പുവരുത്തുകയാണ് ഇരു കമ്പനികളും ലക്ഷ്യം വെയ്ക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ബി2ബി ഇ കൊമേഴ്സ് കമ്പനികള്‍, റീട്ടെയ്ല്‍ സ്ഥാപനങ്ങള്‍, 3പിഎല്‍ കമ്പനികള്‍, എഫ്എംസിജി കമ്പനികള്‍ എന്നിവയ്ക്കായി മൂവിംഗ് തങ്ങളുടെ പ്ലാറ്റ്ഫോം വഴി ആയിരത്തോളം ഹീറോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അണിനിരത്തും.
ലാസ്റ്റ് മൈല്‍ ഡെലിവറി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒരു ലക്ഷത്തിലധികം ഐസിഇ ഇരുചക്ര വാഹനങ്ങള്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്നതിലും ഇരു കമ്പനികളും ശ്രദ്ധ കേന്ദ്രീകരിക്കും.
ഇലക്ട്രിക് വാഹനങ്ങള്‍ വിന്യസിക്കുന്നതിന് മൂവിംഗിനെ രാജ്യമെങ്ങുമുള്ള ശൃംഖലയിലൂടെ ഹീറോ ഇലക്ട്രിക് സഹായിക്കും. അതുകൊണ്ടുതന്നെ വില്‍പ്പനാനന്തര സേവനങ്ങള്‍ സംബന്ധിച്ച് ആശങ്ക വേണ്ട.