ജറൂസലം: ഗാസക്ക് മേൽ ആക്രമണം വീണ്ടും ശക്തമാക്കി ഇസ്രായേൽ. ഗാസയിൽ 192 മരങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇതിൽ 58 കുട്ടികളും 34 സ്ത്രീകളും ഉൾപ്പെടുന്നു. തിരിച്ചടിക്കുന്നതിന്റെ ഭാഗമായി ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണങ്ങളിൽ രണ്ട് കുട്ടികളുൾപെടെ 10 പേരും മരിച്ചു.
എട്ടുദിവസത്തിനിടെ ഏറ്റവും കനത്ത ആക്രമണം കണ്ട ഞായറാഴ്ച 42 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. കുടുംബങ്ങൾ താമസിച്ച മൂന്ന് കെട്ടിടങ്ങൾ ഇസ്രായേലി ബോംബറുകൾ തകർത്തപ്പോൾ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗാസയിലെ ഹമാസ് മേധാവി യഹ്യ സിൻവറിന്‍റെ വീടും തകർക്കപ്പെട്ടു.
ഇന്നും ഏറ്റവും കടുത്ത ആക്രമണമാണ് ഇസ്രായേൽ തുടരുന്നതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. നഗരത്തിന്‍റെ തെക്ക്, പടിഞ്ഞാർ മേഖലകളിൽ നടക്കുന്ന ആക്രമണത്തിൽ ആളപായം അറിവായിട്ടില്ല. ഇന്ന് മാത്രം 55 വ്യോമാക്രമണങ്ങളാണ് ഗാസയിൽ ഇസ്രായേൽ നടത്തിയത്.
ആക്രമത്തിൽ വിവിധ ഇടങ്ങൾ തകർന്നതോടെ ഗാസയിൽ കടുത്ത പ്രതിസന്ധി നിലനിൽക്കുകയാണ്. വൈദ്യുതി ലൈനുകളും, കുടിവെള്ള വിതരണ സംവിധാനവും ബോംബിട്ട് നശിപ്പിച്ചിട്ടുണ്ട്. നഗരത്തിൽ 10 വൈദ്യുതി ലൈനുകളിൽ ആറും നിശ്ചലമാണ്. ഇതോടെ, പകുതി ഇടങ്ങളിലും വൈദ്യുതി മുടങ്ങിയിട്ട് ദിവസങ്ങളായി. അതിർത്തി പങ്കിടുന്ന പ്രദേശങ്ങൾ പൂർണമായും ഇരുട്ടിലാണ്. കുടിവെള്ള വിതരണവും പലയിടത്തും തകർന്നു.
ആക്രമണത്തിനു പുറമെ സന്നദ്ധ പ്രവർത്തകർക്ക് ഗാസയിൽ പ്രവേശന വിലക്കും ഇസ്രായേൽ ഏർപെടുത്തിയത് കടുത്ത മാനുഷിക ദുരന്തത്തിലേക്ക് കാര്യങ്ങൾ എത്തിക്കുമെന്ന് യു.എൻ ജീവകാരുണ്യ ഓഫീസ് (ഒ.സി.എച്ച്.എ) മുന്നറിയിപ്പ് നൽകി.
ഗാസ ദുരിതഭൂമിയായി മാറിയതോടെ പലായനം ചെയ്യുന്നവരുടെ സംഖ്യ കുത്തനെ ഉയരുകയാണ്. 40 സ്കൂളുകളിലായി തുറന്ന അഭയാർത്ഥി കേന്ദ്രങ്ങളിൽ ഇതുവരെ 17,000 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ഇസ്രായേൽ അക്രമം തുടരുന്ന പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ ഗാസയിൽ ജനങ്ങളുടെ അവസ്ഥ കൂടുതൽ ദുരിതത്തിലാകും.















