കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് മീന്‍പിടിക്കാന്‍ പോയി കടലില്‍ കാണാതായ മത്സ്യബന്ധനബോട്ട് കണ്ടെത്തി. മംഗളുരു തീരത്തിനടുത്ത് നങ്കൂരമിട്ട നിലയിലാണ് കണ്ടെത്തിയത്. നിയുക്ത ബേപ്പൂര്‍ എംഎല്‍എ പി എ മുഹമ്മദ് റിയാസ് ആണ് ഇക്കാര്യം അറിയിച്ചത്.
ന്യൂ മംഗളുരു തീരത്ത് കര പറ്റാനാകാതെ ‘അജ്മീർ ഷാ’ എന്ന ബോട്ട് നങ്കൂരമിട്ടിരിക്കുകയാണെന്ന് റിയാസ് അറിയിക്കുന്നു. ബോട്ടിലുള്ള എല്ലാവരും സുരക്ഷിതരാണെന്നും, കാലാവസ്ഥ അനുകൂലമായാൽ കരപറ്റുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. മൊബൈൽ സിഗ്നൽ നഷ്ടമായതിനെത്തുടർന്നാണ് ബോട്ടുമായുള്ള ആശയവിനിമയം നഷ്ടമായതെന്നാണ് സൂചന.
















