പ്രയാഗ് രാജ്: ഉത്തര്‍പ്രദേശിലെ പ്രായാഗ് രാജില്‍ മണലില്‍ കുഴിച്ചിട്ട നിലയില്‍ നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തി. പ്രയാഗ് രാജിലെ ഗംഗാതീരത്താണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.
ത്രിവേണി സംഗമത്തിനടുത്തും മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പലരും ഇവിടെയെത്തി മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിടുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
ശക്തമായ കാറ്റില്‍ മണല്‍ നീങ്ങുമ്ബോഴാണ് അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍ പുറത്തുവരുന്നത്. തൊട്ടുപിന്നാലെ നായകളും പക്ഷികളും മൃതദേഹാവശിഷ്ടങ്ങള്‍ കടിച്ചുവലിക്കാനും തുടങ്ങി. ഇത് സമീപപ്രദേശത്തുള്ളവര്‍ക്ക് ബുദ്ധിമുട്ടായി മാറി. മൃതദേഹങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കുന്നതിനുള്ള നടപടികളുമായി അധികൃതര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രവേശവാസികള്‍ രംഗത്തെത്തി.
കഴിഞ്ഞയാഴ്ച യു.പിയിലെ ഗാസിപൂരിലും ബിഹാറിലെ ബക്‌സറിലും അഴുകിത്തുടങ്ങിയ നിരവധി മൃതദേഹങ്ങള്‍ നദിയിലൂടെ ഒഴുകിയെത്തിയത് ആശങ്ക ഉയര്‍ത്തിയിരുന്നു. സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്പാണ് മണലില്‍ കുഴിച്ചിട്ട നിലയിലും മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുള്ളതെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
അതിനിടെ, സംഭവത്തെപ്പറ്റി പ്രതികരിക്കാന്‍ ജില്ലാ അധികൃതര്‍ തയ്യാറായില്ലെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗംഗയുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതില്‍ വീഴ്ച സംഭവിക്കുന്നതിലും കടുത്ത ആശങ്കയുണ്ടെനന്ന് പ്രദേശവാസികള്‍ പറയുന്നു. അഴുകിയ മൃതദേഹങ്ങളുടെ ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ ഭക്തര്‍ പലരും ഗംഗയില്‍ സ്‌നാനം ചെയ്യുന്നത് നിര്‍ത്തിയെന്നും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.















