തിരുവനന്തപുരം: കേരളത്തില്‍ ബ്ലാക്ക് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രത്യേക മാര്‍ഗനിര്‍ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്. കോവിഡ് ബാധിതരില്‍ ഫംഗസ് ബാധ ഉണ്ടോയെന്ന് കണ്ടെത്താന്‍ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഫംഗല്‍ ബാധയ്ക്ക് സാധ്യത കൂടുതല്‍ ഐസിയുവിലെ അന്തരീക്ഷത്തിലും രോഗികളിലുമാണെന്നും അതുകൊണ്ട് എല്ലാ ഐസിയുകളിലും ഉടന്‍ തന്നെ പരിശോധന നടത്തണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. ഇത്തരത്തില്‍ എവിടെയെങ്കിലും ഫംഗല്‍ബാധ കണ്ടെത്താനായാല്‍ ഉടന്‍ തന്നെ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും കോവിഡ് രോഗികളെ ഡിസ്ച്ചാര്‍ജ് ചെയ്യുമ്‌ബോള്‍ ബ്ലാക്ക് ഫംഗസ് ബാധയെക്കുറിച്ച് ബോധവത്ക്കരണം നടത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അതേസമയം, ഗുരുതര പ്രമേഹ രോഗികളിലാണ് ഫംഗല്‍ ബാധ കൂടുതലായി കണ്ടുവരുന്നത്. ഇവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കണം. ഫംഗല്‍ ബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നുള്ള നിര്‍ദേശം രോഗികള്‍ക്ക് നല്‍കണം.
ഫംഗല്‍ ബാധ തടയാന്‍ മാസ്‌ക് ഫലപ്രദമായി ഉപയോഗിക്കണം. മാസ്‌ക് ഉപയോഗം കൃത്യമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
അതിനിടെ, കേരളത്തില്‍ ഏഴ് പേര്‍ക്ക് ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോര്‍മൈസോസിസ് ബാധിച്ചതായി കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മൂന്ന് തമിഴ്‌നാട് സ്വദേശികളടക്കം ഏഴ് പേരിലാണ് ഫംഗസ് ബാധ കണ്ടെത്തിയത്. നിലവില്‍ ഇത് സംബന്ധിച്ച് കേരളത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.ആന്റി ഫംഗല്‍ മരുന്നുകള്‍ ഉപയോഗിച്ച് ബ്ലാക്ക് ഫംഗസ് ബാധ ഭേദപ്പെടുത്താന്‍ സാധിക്കും. കോവിഡ് രോഗികളില്‍ ഫംഗസ് ബാധയായ മ്യൂകോര്‍മൈസോസിസ് വരാനുള്ള കാരണം സ്റ്റീറോയിഡുകളുടെ അമിത ഉപയോഗമെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ പറഞ്ഞു.ഈ ഫംഗസ് ബാധ തടയാന്‍ സ്റ്റീറോയിഡുകളുടെ ഉപയോഗം കുറയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.















