പശ്ചിമേഷ്യയെ വിറപ്പിച്ച് കൊണ്ട് ഇസ്രായേൽ – പലസ്‌തീൻ യുദ്ധത്തിലേക്ക് നീങ്ങുകയാണ്. ഏഴാം ദിവസവും ആക്രമണങ്ങൾ തുടരുമ്പോൾ പലസ്തീനിലെ നിരവധി പേരാണ് ഇതിനോടകം മരിച്ച് വീണത്. 149 പേർ കൊല്ലപ്പെട്ടെന്നാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ 41 പേരും കുട്ടികളാണ് എന്നതാണ് നടുക്കുന്ന സത്യം. പരിക്കേറ്റവർ ഇതിന്റെ പലമടങ്ങാണ്.
ഇസ്രായേൽ സൈന്യം പലസ്‌തീൻ ജനതക്ക് നേരെയാണ് മിസൈലുകൾ അയക്കുന്നത്. മിസൈലുകൾ തടുക്കാൻ പാകത്തിനുള്ള പ്രതിരോധ സംവിധാനമോ ടെക്‌നോളജിയോ ആയുധങ്ങളോ ഇല്ലാത്ത ഒരു ജനതക്ക് മേൽ എല്ലാ സൗകര്യങ്ങളുമുള്ള ഇസ്രായേൽ നടത്തുന്ന നടപടിക്കെതിരെ അന്താരാഷ്ട തലത്തിൽ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. എങ്കിലും ഇത് ജനപക്ഷത്ത് നിന്നുള്ള പ്രതിഷേധങ്ങൾ മാത്രമാണ്. സർക്കാർ സംവിധാനങ്ങൾ എല്ലാം മൗനം പാലിക്കുകയാണ്.
ഇക്കഴിഞ്ഞ ചെറിയ പെരുന്നാൾ പോലും മനസമാധാനത്തോടെ ആഘോഷിക്കാൻ ഗാസയിലെ നിവാസികൾക്കു കഴിഞ്ഞില്ല. വെടിയൊച്ചകളും പോർ വിമാനങ്ങളുടെ ശബ്ദവും കരച്ചിലുകളും മാത്രമാണ് എങ്ങും മുഴങ്ങുന്നത്. ഒരൊറ്റ സെക്കൻഡിൽ ഇല്ലാതായി തീരുമെന്ന ആശങ്കയിലാണ് ജനം. ഹമാസിന്റെ നേതൃത്വത്തിൽ പ്രതിരോധ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇസ്രായേലിനെ തടയാൻ മാത്രമുള്ള ശക്തിയൊന്നും ഹമാസിന് ഇല്ല എന്നതാണ് വാസ്തവം.
എങ്കിലും പരമാവധി പൊരുതുക എന്നത് തന്നെയാണ് അവരുടെ നയം. ഇസ്രയേലിൽ നിന്നും എന്നന്നേക്കും മോചനം നേടി ആത്യന്തിക സ്വാതന്ത്രം നേടുക എന്നതുതന്നെയാണ് ഹമാസിന്റെ ലക്ഷ്യം. സ്വാതന്ത്രത്തിന്റെ വിലയറിയാവുന്ന ഗാസയിലെ ജനം ഇക്കാരണം കൊണ്ടാണ് തങ്ങൾക്ക് വേണ്ടി പോരാടുന്ന ഹാമസിനൊപ്പം നിൽക്കുന്നത്.
അതേസമയം, വര്ഷങ്ങളായി തങ്ങൾ തുടർന്ന് വരുന്ന പലസ്‌തീൻ ഭൂമി വെട്ടി പിടിക്കലിന്റെ തുടർച്ചയായാണ് ഇസ്രായേലിന് ഇപ്പോൾ നടത്തുന്ന യുദ്ധം. ഗാസയും പിടിച്ചടക്കി പൂർണ അധീശത്വമാണ് ഇസ്രായേൽ ലക്ഷ്യം. ഈ ലക്ഷ്യം പലസ്‌തീൻ കൊണ്ട് തീരുന്നതല്ല. സിറിയയും ജോർദാനും ഈജിപ്‌തുമെല്ലാം അവരുടെ ലിസ്റ്റിൽ ഉള്ളതാണ്. ഇപ്പോഴത്തെ നടപടിക്ക് അതിനൊപ്പം തന്നെ നെതന്യാഹുവിന്റെ നിലനിൽപ്പെന്ന രാഷ്ട്രീയ കാരണം കൂടെയുണ്ട്.
കൃത്യമായ ഭൂരിപക്ഷമില്ലാതെ സഖ്യകക്ഷികളെ കൂട്ടിയുള്ള ഭരണമാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു ഇപ്പോള്‍ നടത്തിവരുന്നത്. അതിനൊപ്പം അനവധി അഴിമതി ആരോപണങ്ങളും കേസുകളും തുടർച്ചയായി നാലാം തവണയും പ്രധാനമന്ത്രിയായ നെതന്യാഹുവിന്റെ പേരിലുണ്ട്. നെതന്യാഹുവിന്റെ എതിരാളികൾ സഖ്യത്തിലായി പുതിയൊരു സർക്കാരിനെ രൂപീകരിക്കാൻ ഒരുക്കങ്ങൾ തകൃതിയായി നടത്തുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ജറുസലമിൽ സംഘർഷം ഉടലെടുത്തത്. അതിനാൽ ഇതിന് ആഭ്യന്തര പ്രശ്‌നവുമായി ബന്ധമുണ്ട്. പക്ഷെ, അപ്പോഴും അനുഭവിക്കേണ്ടി വരുന്നത് പലസ്‌തീൻ ജനതയാണ്.
രാഷ്‌ടീയ കാറ്റുകൾ മാറിവീശുന്ന ഇസ്രായേലിൽ അടുത്തുതന്നെ തിരഞ്ഞെടുപ്പ് വരും. അതായത് 30 മാസത്തിനുള്ളിൽ അഞ്ചാമതും ഇസ്രയേൽ വോട്ട് ചെയ്യേണ്ട സാഹചര്യമാണ്. അടുത്ത ഒക്ടോബറിലേക്കാണ് ഈ തിരഞ്ഞെടുപ്പ് വരിക. അതുവരെ നെതന്യാഹുവിന് പ്രധാനമന്ത്രിക്കസേരയിൽ തുടരാം. സംഘർഷത്തിൽനിന്ന് നേട്ടം കൊയ്യുകയാണെങ്കിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച് അധികാരത്തിൽ തുടരാനും നെതന്യാഹുവിന് ആകും. അതിനാൽ നെതന്യാഹുവിന് അധികാരം നിലനിർത്താൻ വേണ്ടി പലസ്‌തീൻ ജനതയെ കൂട്ടക്കുരുതി ചെയ്യുകയാണ്.
ഹമാസ് ഒരു പാഠം പഠിക്കുന്നതുവരെ വ്യോമാക്രമണം അവസാനിപ്പിക്കേണ്ടെന്നും. ഹമാസ് ഇസ്രയേലിലേക്ക് റോക്കറ്റുകൾ അയയ്ക്കാതിരുന്നാൽ ഈ സംഘർഷം അവസാനിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ സേനയുടെ വക്താവ് ലഫ്. കേണൽ. ജൊനാഥൻ കോൺറിക്കസ് പറഞ്ഞിരുന്നു. ഹമാസ് ഇതുവരെ പാഠം പഠിച്ചില്ലെന്നും അദ്ദേഹം ബ്രിട്ടിഷ് ചാനലായ സ്കൈ ന്യൂസിനോടു പറഞ്ഞു.
ഹമാസും ഇസ്രയേലും തമ്മിൽ 2008നു ശേഷമുള്ള നാലാമത്തെ വലിയ സംഘർഷമാണ് ഇപ്പോൾ നടക്കുന്നത്. കാരണം രാഷ്ട്രീയമായാലും മതപരമായാലും ഭൂമിപ്രശനമായാലും ഈ സംഘർഷങ്ങളിൽ പെട്ടുഴലുന്നത് ഏതാണ്ട് 20 ലക്ഷത്തോളം പലസ്തീൻ ജനതയാണ്. അവരുടെ ജീവിക്കാനുള്ള അവകാശവും ഒരു ദിവസമെങ്കിലും സമാധാന പരമായി ഇരിക്കാനുള്ള സ്വപനവുമാണ് പൊലിഞ്ഞു പോകുന്നത്. ഹമാസിന് ഇത് സ്വാതന്ത്ര്യത്തിന് വേണ്ടിയും ഇസ്രായേലിന് ഇത് ശക്തിതെളിയിക്കാനുമുള്ള പോരാട്ടമാണ്.