തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് ശക്തമാകും. നാളെയോടെ അതിതീവ്രമാകും. ഞായറാഴ്ചയോടെ ന്യൂനമര്‍ദ്ദം ടൗടേ ചുഴലിക്കാറ്റാകും. ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥം കേരള തീരത്തോട് ചേര്‍ന്നായതിനാല്‍, കടല്‍പ്രക്ഷുബ്ധമായിരിക്കും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ 9 സംഘത്തെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്.
കുട്ടനാട്ടില്‍ പലയിടങ്ങളിലും വെള്ളം പൊങ്ങി. കാവാലം മാണിക്യമംഗലം പാടശേഖരത്തില്‍ മട വീണു. പുളിങ്കുന്ന്, നെടുമുടി, ചമ്ബക്കുളം, കൈനകരി പഞ്ചായത്തുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ദേശീയ ദുരന്തനിവാരണ സേന കേരളത്തില്‍ എത്തി. ഒന്‍പതു ജില്ലകളിലായി ഇവരെ വിന്യസിക്കും.
അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, ജില്ലകളില്‍ 40 കി.മി. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുലര്‍ച്ചെ നാല് മണിക്ക് പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു.
സംസ്ഥാനത്തെ തീരമേഖലകളില്‍ മഴയും കടലാക്രമണവും തുടരുകയാണ്. ആലപ്പുഴയിലും തിരുവനന്തപുരത്തും കോഴിക്കോടും കടല്‍ക്ഷോഭം രൂക്ഷമാണ്. കടലേറ്റം രൂക്ഷമായ ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ആലപ്പുഴയിലെ ഒറ്റമശ്ശേരി, വിയാനി, പുന്നപ്ര ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ കടലിനോട് ചേര്‍ന്ന വീടുകളിലും പരിസരങ്ങളിലും കഴിഞ്ഞ ദിവസം വെളളം കയറിയിരുന്നു.















