പത്തനംതിട്ട: കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത പ്രവചിച്ചതിനെ തുടർന്ന് ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രത്യേക സംഘങ്ങൾ കേരളത്തിലെ വിവിധ ജില്ലകളിലേക്ക് തിരിച്ചു. ദുരന്ത നിവാരണ സേനയുടെ 9 ടീമുകളെ കേരളത്തിൽ വിന്യാസിക്കാനാണ് അധികൃതരുടെ തീരുമാനം.
വയനാട്, മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, ഇടുക്കി എന്നിവിടങ്ങളിൽ ആണ് ദേശീയ ദുരന്തനിവാരണ സേനയുടെ സംഘങ്ങളെ വിന്യസിക്കുക. ഇരുപത് അംഗ സംഘം പുലർച്ചെ ഒരു മണിയോടെ പത്തനംതിട്ടയിൽ എത്തും.
വെള്ളപ്പൊക്കം രൂക്ഷമായാല്‍ ആളുകളെ മാറ്റി പാര്‍പ്പിക്കാന്‍ 540 ക്യാമ്പുകള്‍ സജ്ജമായി. ജില്ലാ ആസ്ഥാനത്ത് ഹെല്‍പ് ഡെസ്‌ക് സജ്ജമായെന്നും വിവരം.
അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 40 കിലോമീറ്റര്‍ വേഗത്തില്‍ ഉള്ള കാറ്റിനും ഇടിമിന്നലിനും സാധ്യത.
അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കുകയാണ്. നാളെയോടെ തീവ്രന്യൂനമര്‍ദമാകും. ഞായറാഴ്ച ടൌട്ട ചുഴലിക്കാറ്റായി വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിക്കും. ചുഴലിക്കാറ്റിന്റെ സഞ്ചാര പഥം കേരള തീരത്തിനോട് അടുത്ത നില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു.















