കൊച്ചി: കടലാക്രമണത്തെ തുടര്‍ന്ന്‍ ചെല്ലാനത്തെ സ്ഥിതി അതീവ രൂക്ഷമായി തുടരുന്നു. നിരവധി കോവിഡ് കേസുകൾ നില നിൽക്കുന്ന സാഹചര്യത്തിലാണ് കടലാക്രമണം രൂക്ഷമാകുന്നത്. ഇത് പ്രദേശവാസികളെ കൂടുതൽ ദുരിതത്തിലാക്കും.
ജില്ലാ കളക്ടറോടൊപ്പം ഹൈബി ഈഡന്‍ എംപി പ്രദേശം സന്ദർശിച്ചു. വെള്ളം കയറുന്ന പ്രദേശങ്ങളിൽ അടിയന്തിരമായി ചെയ്ത് തീർക്കേണ്ട പ്രവർത്തികൾ ചെയ്ത് തീർക്കാൻ എംപി ജില്ലാ കളക്ടർക്ക് നിർദേശം നൽകി. മാറ്റി പാർപ്പിക്കേണ്ടവരെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു മാറ്റി പാർപ്പിക്കുവാനും ആവശ്യാനുസരണം ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുവാനും നിർദേശം നൽകിയിട്ടുണ്ട്.
2019 ൽ എം.പിയായ നാൾ മുതൽ ചെല്ലാനത്തെ കടൽ ഭിത്തി സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകളുമായി നിരന്തരം ആശയവിനിമയം നടത്തുന്നതാണെന്ന് ഹൈബി പറഞ്ഞു. കേരള സർക്കാർ അനുവദിച്ച തുക ടെണ്ടർ ചെയ്യുന്നതിന് പോലും ഇത് വരെ സാധിച്ചിട്ടില്ല എന്നത് ഏറെ ദയനീയമാണ്. ഒരു ജനപ്രതിനിധിയ്ക്ക് ഒറ്റയ്ക്ക് ചെയ്ത് തീർക്കാൻ കഴിയുമായിരുന്നെങ്കിൽ മണ്ഡലത്തിലെ ആദ്യത്തെ പദ്ധതി ചെല്ലാനം തന്നെയാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
















