ന്യൂഡല്‍ഹി: ഇസ്രയേലില്‍ ഹമാസിന്‍റെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്‍റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി.
വെള്ളിയാഴ്ച രാത്രി ടെല്‍ അവീവില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയില്‍ കൊണ്ടുവരും. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടാല്‍ നടപടികള്‍ വൈകും.
വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ഇസ്രയേലിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് കുമാര്‍ സിഗ്ലയുമായി സംസാരിച്ചു.
ഇസ്രയേല്‍- പലസ്തീന്‍ സംഘര്‍ഷത്തിനിടെയാണ് ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഇസ്രായേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. അഷ്‌കലോണ്‍ എന്ന സ്ഥലത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. 2017 ല്‍ ആണ് അവസാനമായി നാട്ടിലെത്തിയത്. ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെയാണ് ഇവര്‍ ഹമാസിന്റെ ഷെല്ലാക്രമണത്തിനിരയായത്. സൗമ്യയുടെ ഭര്‍ത്താവും മകനും നാട്ടിലാണ്.















