തിരുവനന്തപുരം: നാളെത്തെ റംസാൻ ആഘോഷങ്ങൾ വീടുകളിൽ തന്നെ നിർവഹിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൃതമുള്ള നാളുകളിൽ കാണിച്ച കരുതൽ പെരുന്നാൾ ദിനത്തിലും കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പെരുന്നാളിനോട് അനുബന്ധിച്ച് ഇറച്ചിക്കടകൾക്ക് രാത്രി 10 വരെ പ്രവർത്തിക്കാൻ അനുമതിയുണ്ട്.
ഹോം ഡെലിവറി നടത്താനുള്ള അനുമതിയാണ് നൽകിയത്. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിന് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനവികതയുടെയും ഒരുമയുടെയും സഹാനുഭൂതിയുടെയും സന്ദേശമാണ് റംസാനും ഈദുൽ ഫിത്തറും മുന്നോട്ട് വെയ്ക്കുന്നത്.
ഒത്തുചേരലുകളും സന്തോഷം പങ്ക് വെയ്ക്കലും എല്ലാം പെരുനാൾ ദിനത്തിന്റെ സവിശേഷതയാണ്. എന്നാൽ മഹാമാരിയുടെ കാലത്ത് കൂട്ടം ചേരലുകൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.















