തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും യെല്ലോ അലര്‍ട്ടം പ്രഖ്യാപിച്ചു. മെയ് 14 ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും മെയ് 15 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
മെയ് 11ന് ഇടുക്കി, മലപ്പുറം, മെയ് 12ന് ഇടുക്കി, മെയ് 13 ന് തിരുവനന്തപുരം, മെയ് 14 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മെയ് 15 ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മേയ് പതിനാല് മുതല്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കടലാക്രമണത്തിനു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അതേസമയം,സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ സ്ഥലത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണം. കൂടാതെ, ന്യൂനമര്‍ദ രൂപീകരണഘട്ടത്തില്‍ കടലാക്രമണം രൂക്ഷമാകാനും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റടിക്കാനും സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ പ്രത്യേക ജാഗ്രത പാലിക്കണം.
ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നല്‍, ശക്തമായ കാറ്റ് ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കുക. ഇടിമിന്നല്‍ സമയത്ത് പുറത്തിറങ്ങുന്നത് കര്‍ശനമായി ഒഴിവാക്കുക. കെട്ടിടങ്ങള്‍ക്ക് അകത്തോ വാഹനങ്ങള്‍ക്ക് ഉള്ളിലോ സുരക്ഷിതമായി തുടരണമെന്നും അധികൃതര്‍ അറിയിച്ചു.















