കേരളം കണ്ട വനിതാ രാഷ്ട്രീയ നേതാക്കളില്‍ ഏറ്റവും കരുത്തയായ സ്ത്രീ, ഗൗരിയമ്മ. വിപ്ലവത്തിന്റെ കനല്‍ വഴികള്‍ പേറി ഗൗരിയമ്മ വിടപറയുമ്പോൾ കേരളത്തിനു നഷ്ടമാകുന്നത് പകരം വെയ്ക്കാൻ കഴിയാത്ത വിപ്ലവ നായികയെയും.
ചേര്‍ത്തല പാണക്കാട് വിയാത്ര കളത്തിപ്പറമ്പില്‍ രാമന്റെയും പാര്‍വതിയമ്മയുടെയും മകളായി 1919 ജൂലൈ 17 നായിരുന്നു കെ.ആർ. ഗൗരിയുടെ ജനനം. പിന്നീടങ്ങോട്ടുള്ള ഗൗരിയമ്മയുടെ ജീവിതം കേരള രാഷ്ട്രീയ ചരിത്രത്തിലെ മറക്കാനാകാത്ത താളുകളാണ്.
തുറവൂര്‍ തിരുമല ദേവസ്വം സ്കൂളിലും ചേര്‍ത്തല ഇംഗ്ലിഷ് സ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ഇന്റര്‍മീഡിയറ്റും സെന്റ് തെരേസാസ് കോളജില്‍ നിന്നു ബിരുദപഠനവും തിരുവനന്തപുരം ലോ കോളേജില്‍ നിന്നു നിയമബിരുദവും കരസ്ഥമാക്കി. ഈഴവ സമുദായത്തിലെ ആദ്യത്തെ വനിതാ വക്കീലായിരുന്നു. ചേര്‍ത്തല കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു.
സമ്പന്നമായ കുടുംബാന്തരീക്ഷമായിരുന്നെങ്കിലും തന്‍റെ ഉത്തരവാദിത്തം സാധാരണക്കാർക്കിടയിലാണെന്ന് മനസിലാക്കിയ ഗൗരിയമ്മ എന്നും സാധാരണക്കാരായ ജനങ്ങൾക്കൊപ്പം നിലകൊണ്ടു.
സി.പി. രാമസ്വാമി അയ്യരുടെ ഭരണത്തിനെതിരായി ചേര്‍ത്തല- അമ്പലപ്പുഴ താലൂക്കുകളില്‍ ഉയര്‍ന്നുവന്ന പ്രതിഷേധവും പുന്നപ്ര–വയലാര്‍ സമരവും വെടിവയ്പ്പും ഗൗരിയമ്മയെ സജീവ രാഷ്ട്രീയത്തിലേക്ക് നയിച്ചു. പി. കൃഷ്ണപിള്ളയില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ച ഗൗരിയമ്മ 1948ല്‍ തിരു- കൊച്ചി നിയമസഭയിലേക്ക് ചേര്‍ത്തല താലൂക്കിലെ തുറവൂര്‍ മണ്ഡലത്തില്‍ നിന്നു മത്സരിച്ചെങ്കിലും ഗൗരിയമ്മ പരാജയപ്പെട്ടു. തുടര്‍ന്ന് 1952 ലും 54 ലും തിരു–കൊച്ചി നിയമസഭയിലേക്ക് വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. 1957 ല്‍ നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ച ഗൗരിയമ്മ കേരളത്തിലെ ആദ്യ റവന്യൂവകുപ്പ് മന്ത്രിയായി.
മന്ത്രിയായിരിക്കെ കാര്‍ഷിക നിയമം, കര്‍ഷകരെ കുടിയൊഴിപ്പിക്കുന്നതിനെതിരായ കുടിയൊഴിപ്പിക്കല്‍ നിരോധന ബിൽ, പാട്ടം പിരിക്കല്‍ നിരോധനം, സര്‍ക്കാര്‍ ഭൂമി കയ്യേറിയ ഭൂരഹിതരെ ഒഴിപ്പിക്കാന്‍ പാടില്ലെന്ന ഉത്തരവ്, സര്‍ക്കാര്‍ ഭൂമിയിലെ കുടികിടപ്പുകാര്‍ക്ക് ഭൂമി കിട്ടാന്‍ ഇടയാക്കിയ സര്‍ക്കാര്‍ ഭൂമി പതിവു നിയമം തുടങ്ങി തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചു. മന്ത്രിസഭയില്‍ അംഗമായിരുന്ന ടി.വി. തോമസിനെ വിവാഹം ചെയ്തു.
1957, 67, 80, 87 കാലത്തെ ഇടതുപക്ഷമന്ത്രിസഭകളിലെ അംഗമായിരുന്നു.വിമോചന സമരത്തെത്തുടര്‍ന്ന് ആദ്യ മന്ത്രിസഭയെ രാഷ്ട്രപതി പിരിച്ചുവിടുന്നതിനു തലേന്നാണ് ഗൗരിയമ്മയുടെ ശക്തമായ ഇടപെടല്‍ കാരണം കാര്‍ഷികബന്ധ നിയമം കേരള നിയമസഭ പാസാക്കിയത്. 1967-69 ലെ മന്ത്രിസഭക്കാലത്ത് ഗൗരിയമ്മ നിയമസഭയിലവതരിപ്പിച്ച കേരള ഭൂപരിഷ്‌കരണ ഭേദഗതി ബില്ല് പാസാക്കിയത് പിന്നീടു വന്ന അച്യുതമേനോന്‍ മന്ത്രിസഭയാണ്.
1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം ഗൗരിയമ്മ നിന്നു . സിപിഐയില്‍ തുടര്‍ന്ന ടി.വി. തോമസുമായി അഭിപ്രായവ്യത്യാസങ്ങള്‍ വന്നതോടെ ഇരുവരും വേർപിരിഞ്ഞു. താൻ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിന് വേണ്ടി ടി.വി. തോമസുമായുള്ള കുടുംബ ബന്ധം ഉലഞ്ഞുവെങ്കിലും സ്വകാര്യജീവിതത്തിലെ നഷ്ടങ്ങളോർത്ത് ഗൗരിയമ്മ നിരാശപ്പെട്ടിരുന്നില്ല.
1987-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഎം വിജയത്തിനു ശേഷം ഗൗരിയമ്മ മുഖ്യമന്ത്രിയാക്കാൻ തീരുമാനം നിലനിൽക്കെ ആ സ്ഥാനത്തേക്ക് ഇ.കെ. നായനാരെ തിരഞ്ഞെടുത്തതോടെയാണ് പാര്‍ട്ടിയും ഗൗരിയമ്മയും പിണക്കങ്ങൾ ഉടലെടുത്തത് . സംസ്ഥാന കമ്മിറ്റിയില്‍ നിന്നു ക്ഷോഭിച്ച് ഇറങ്ങിപ്പോയ ഗൗരിയമ്മയെ അനുനയിപ്പിച്ചു വ്യവസായം, എക്സൈസ് വകുപ്പുകളുടെ മന്ത്രിയാക്കി.
വിവിധ വ്യവസായ മേഖലകളില്‍ സിഐടിയുവിന്റെ താല്‍പര്യത്തിനു വിരുദ്ധമായി ഗൗരിയമ്മ നടപ്പാക്കിയ പദ്ധതികള്‍ ജനശ്രദ്ധ ആകർഷിച്ചു. പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഉള്ള സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും തിരുവനന്തപുരത്ത് ഇന്ത്യയിലെ ആദ്യ ഐടി പാര്‍ക്ക് ആയ ടെക്‌നോപാര്‍ക്ക് ഉള്‍പ്പെടെ കേരളത്തിന്റെ തലവര മാറ്റിയ പല വ്യവസായ സംരംഭങ്ങളും കൊണ്ടുവരാൻ ഗൗരിയമ്മ ചുക്കാൻ പിടിച്ചു.
1994 ജനുവരി ഒന്നിന് ഗൗരിയമ്മ അച്ചടക്ക ലംഘന ആരോപണങ്ങളെ തുടർന്ന് സിപിഎമ്മില്‍നിന്നു പുറത്തായി. തുടര്‍ന്നു ജെഎസ്എസ് രൂപീകരിച്ചു. 2001-2006 കാലത്ത് എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി മന്ത്രിസഭകളിലും അംഗമായിരുന്നു. 2016-ല്‍ യുഡിഎഫുമായി പിണങ്ങി മുന്നണി വിട്ടു.
പതിനേഴ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ഗൗരിയമ്മ 13 തവണ വിജയിച്ചു. സ്വാതന്ത്ര്യലബ്ധിക്കുശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലൊഴികെ എല്ലാ തവണയും മത്സരിച്ച ഗൗരിയമ്മ 1948, 1977, 2006, 2011 വര്‍ഷങ്ങളില്‍ മാത്രമാണു പരാജയപ്പെട്ടത്.
46 വര്‍ഷം എംഎല്‍എയും ആറു സര്‍ക്കാരുകളിലായി 16 വര്‍ഷം മന്ത്രിയുമായിരുന്നു ഗൗരിയമ്മ. റവന്യു, എക്സൈസ്, വ്യവസായം, ഭക്ഷ്യം, പൊതുവിതരണം, കൃഷി, സാമൂഹികക്ഷേമം, മൃഗസംരക്ഷണം തുടങ്ങി വ്യത്യസ്തമായ വകുപ്പുകള്‍ കൈകാര്യം ചെയ്ത ഗൗരിയമ്മയ്ക്കാണ് ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന വനിത എന്ന റെക്കോര്‍ഡ് നേടാൻ കഴിഞ്ഞിട്ടുള്ളത്.
കേരളത്തിന്‍റെ രാഷ്ട്രീയ-സാമൂഹിക മുന്നേറ്റത്തിലെ വിപ്ലവ തേജസ്സായിരുന്നു കെ.ആർ. ഗൗരിയമ്മ. വിശ്രമമില്ലാത്ത പൊതുജീവിതം, ഉലഞ്ഞുപോയ കുടുംബബന്ധം, താൻ വളർത്തിയ പ്രസ്ഥാനത്തിൽനിന്ന് ഇറങ്ങിപ്പോകേണ്ടിവന്ന ദുരവസ്ഥ, വാർധക്യത്തിൽ ഉണ്ടായ ഏകാന്തത എന്നിവയൊന്നും താൻ വിശ്വസിച്ച പ്രത്യയശാസ്ത്രത്തിലൂടെ സഞ്ചരിക്കുന്നതിനു ഗൗരിയമ്മക്ക് തടസ്സമായില്ല.സ്വാതന്ത്ര്യലബ്ധിക്ക് മുമ്പും പിമ്പും നടന്ന സംഭവങ്ങളുടെ കാഴ്ചക്കാരിയുടെ വിടവാങ്ങൽ കൂടിയാണിത്. ചരിത്രം നിർമിക്കുകയും ചരിത്രത്തോടൊപ്പം നടക്കുകയും ചെയ്ത ആ ഉജ്വല വനിതയുടെ എട്ട് പതിറ്റാണ്ട് കേരള ചരിത്രത്തിലെ മറക്കാനാകാത്ത അധ്യായമായി എന്നും നിലനില്കക്കും.
















