‘വളർച്ചയിലും തളർച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല’ – ഡെന്നിസ് ജോസഫിന്റെ മരണ വാർത്തയറിഞ്ഞപ്പോൾ മമ്മൂട്ടി കുറിച്ച കുറിപ്പിലെ വാക്കുകളാണിത്. ആ പറഞ്ഞ വാക്കുകളിൽ 100 ശതമാനം സത്യമുണ്ട്. അത് കേവലം ഔപചാരിതക്ക് വേണ്ടി പറഞ്ഞ വാക്കുകൾ അല്ല. പരാജയങ്ങൾ തുടർക്കഥയായ, ചിലപ്പോൾ ഫീൽഡ് ഔട്ട് ആയി പോയേക്കാമെന്ന് കരുതിയ ഒരു കാലം മമ്മൂട്ടിക്ക് ഉണ്ടായിരുന്നു. ആ പരാജയ കാലത്ത് നിന്ന് മമ്മൂട്ടി എന്ന പ്രതിഭയെ ലോകത്തിന് മുന്നിൽ തുറന്ന് വെച്ചതിൽ ഡെന്നിസ് ജോസഫിന് ഉള്ള പങ്ക് ചെറുതല്ല.
പരാജയങ്ങളുടെ കാലത്ത് സുഹൃത്തായും സഹോദരനായും കൂടെയുണ്ടായിരുന്ന ഡെന്നിസ് തന്നെയാണ് ന്യൂഡൽഹി എന്ന സിനിമയിലൂടെ മമ്മൂട്ടിയുടെ രക്ഷകനായതും. മലയാള സിനിമയിൽ മമ്മൂട്ടിയുടെ ഇരിപ്പിടം എന്നെന്നേക്കുമായി ആണിയടിച്ച് ഉറപ്പിച്ച ചിത്രം. അഭിനയത്തിന്റെ വേലിയിറക്കങ്ങളുള്ള, വ്യത്യസ്ത ലയറുകളുള്ള ഒരു കഥാപാത്രത്തെ വെള്ളിത്തിരയിൽ മമ്മൂട്ടി കാലാതീതമാക്കിയപ്പോൾ അതിന് പിന്നിലെ എഴുത്തുകാരൻ ഡെന്നിസ് എക്കാലവും മമ്മൂട്ടിക്കൊപ്പം സിനിമ ലോകത്തിന് പ്രിയങ്കരനായി.
ന്യൂഡൽഹി മാത്രമല്ല മമ്മൂട്ടിക്ക് വേണ്ടി ഡെന്നിസ് എഴുതി അവിസ്മരണീയമാക്കിയത്. നിറക്കൂട്ട്, കോട്ടയം കുഞ്ഞച്ചൻ, മനു അങ്കിൾ, നായർ സാബ്, സംഘം തുടങ്ങി നിരവധി സിനിമകൾ മമ്മൂട്ടിയെ മലയാളികളുടെ ഉള്ളിൽ പ്രതിഷ്ഠിക്കാൻ പാകത്തിൽ ഡെന്നിസ് ജോസഫ് ഒരുക്കി നൽകി. മമ്മൂട്ടിയുടെ വിജയത്തിന് പിന്നിൽ അദ്ദേഹത്തിന്റെ തന്നെ ദൃഢനിശ്ചയവും കഠിനാധ്വാനവുമൊക്കെ ഏറെയുണ്ട്. എങ്കിലും അതോടൊപ്പം തന്നെ ചേർത്ത വെക്കാവുന്നതാണ് ഡെന്നിസിന്റെ എഴുത്തും.
രാജാവിന്റെ മകൻ – മോഹൻലാലിലെ രാജാവിന്റെ മകനാക്കിയ, പിന്നീട് മലയാള സിനിമയുടെ തന്നെ താര രാജാവാക്കിയ എഴുത്തായിരുന്നു ഡെന്നിസിന്റെത്. ഭൂമിയിലെ രാജാക്കന്മാർ, നമ്പർ 20 മദ്രാസ് മെയിൽ, ഇന്ദ്രജാലം തുടങ്ങി മോഹൻലാലിന്റെ ജീവിതത്തിലെ എണ്ണം പറഞ്ഞ കഥാപാത്രങ്ങൾക്ക് എല്ലാം വേണ്ടി ചലിച്ചത് ഡെന്നിസ് എന്ന തിരക്കകഥാകൃത്തിന്റെ പേനയായിരുന്നു.
മോഹൻലാലിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ തിരക്കഥാ ലോകത്തെ രാജാവായിരുന്നു ഡെന്നിസ്. മമ്മൂട്ടിയെന്നും മോഹൻലാലെന്നും പേരുള്ള രണ്ട് രാജാക്കന്മാരെ മലയാള സിനിമക്ക് സമ്മാനിച്ച ഡെന്നിസ് പിന്നെ രാജാവല്ലതെ മാറ്റാരാകാനാണ്. രൗദ്രഭാവവും, പ്രണയഭാവവും ഒരു പോലെ വഴങ്ങുന്നതായിരുന്നു ഡെന്നിസിന്റെ എഴുത്തുകൾ. ഇന്ദ്രജാലം പോലെ ന്യൂഡൽഹിയിലെ പോലെ പകയുടെയും കരുത്തിന്റെയും പ്രതികാരത്തിന്റെയും കഥഴെയുതിയ ഡെന്നിസ് തന്നെയാണ് കോട്ടയം കുഞ്ഞച്ചനും മനു അങ്കിളും എഴുതിയത് എന്നത് തന്നെ അദ്ദേഹത്തിന്റെ എഴുത്തിനെ വളർത്തുന്നു.
മോഹൻലാലിനേക്കാൾ ഏറെ കരിയർ ഗ്രാഫ് ഉയർത്തുന്നതിന് മമ്മൂട്ടിക്കാണ് ഡെന്നിസിന്റെ എഴുത്തുകൾ ഗുണം ചെയ്തത്. ഡെന്നിസിന്റെ എഴുത്തുകളിലെ നല്ലൊരു പങ്കും മമ്മൂട്ടിക്ക് വേണ്ടിയുള്ളതായിരുന്നു. ഒടുവിൽ തന്റെ അവസാന പടം വെള്ളിത്തിരയിൽ എത്തുന്നതിന് മുൻപേ ഡെന്നിസ് വിടപറയുമ്പോൾ അത് സിനിമാ ലോകത്തിന് തന്നെ തീരാ നഷ്ടമാണ്.