തിരുവനന്തപുരം: അമ്പത് ശതമാനത്തിലധികമുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ അധിക നിയന്ത്രണങ്ങളും നടപടികളും ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഈ പഞ്ചായത്തുകളില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ രണ്ട് ഡോക്ടര്‍മാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കണം. ഡി സി സികളില്‍ ചികിത്സയിലുളളവരും ഈ ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തണം. കോള്‍ സെന്ററും സജീവമായി പ്രവര്‍ത്തിക്കണം. ആംബുലന്‍സിന്റെ സേവനവും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് 76 പഞ്ചായത്തുകളില്‍ 50% ത്തിലധികമാണ് ടി പി ആര്. എറണാകുളം ജില്ലയില്‍ 19 പഞ്ചായത്തുകളില്‍ ടി പി ആര് 50% ത്തിനു മുകളിലാണെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് യോഗത്തില്‍ അറിയിച്ചു. കൂടാതെ എറണാകുളം ജില്ലയിലെ 16 പഞ്ചായത്തുകള്‍ സംസ്ഥാന ശരാശരിയേക്കാളും മുന്നിലാണ്.
മെയ് 15 ഓടെ 450 മെട്രിക് ടണ്‍ ഓക്സിജന്‍ ഓരോ ദിവസവും ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓക്സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിനാണ് കൂടുതല്‍ ജാഗ്രത വേണ്ടത്. ഈ സാഹചര്യത്തില്‍ ഓക്സിജന്‍ പാഴായിപ്പോകുന്നത് തടയുന്നതിന് ഓരോ ജില്ലയിലും ശക്തമായ സംവിധാനം വേണം. പരിശോധന കര്‍ശനമാക്കണം. ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും കുറവ് നികത്തുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണം. ഇതിനായി പ്രത്യേക പദ്ധതി തയാറാക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. അത്യാവശ്യത്തിന് മാത്രമേ പോലീസിന്റെ പാസിനായി അപേക്ഷിക്കാവൂ. റംസാന് ഭക്ഷ്യവിഭവങ്ങള്‍ വീട്ടിലെത്തിക്കുന്ന സംവിധാനം ഓരോ ജില്ലയിലും നടപ്പാക്കാവുന്നതാണ്. വാക്സിനേഷന് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കണം. മത്സ്യ ലേലത്തിന് തിരക്കുണ്ടാകാതിരിക്കുന്നതിന് കര്‍ശന നിലപാട് സ്വീകരിക്കാനും ജില്ലകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്കി.
















