മലപ്പുറം: പതിനാല് വര്‍ഷമായി ജോലി ചെയ്തുകൊണ്ടിരുന്ന അദ്ധ്യാപികയെ പുറത്താക്കി കൊണ്ടോട്ടിയിലെ മർക്കസുൽ ഉലൂം ഇംഗ്ലീഷ് സീനിയർ സെക്കണ്ടറി സ്കൂള്‍ അധികൃതര്‍. ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുളള സ്കൂളിൽ ഹൈസ്കൂളിലും ഹൈയര്‍ സെക്കന്ററിയിലും മലയാളം അധ്യാപികയായി ജോലി ചെയ്ത് വരികയായിരുന്ന കദീജ എന്ന അദ്ധ്യാപികയെ ആണ് സ്കൂള്‍ മാനേജ്മെന്റ് പുറത്താക്കിയത്.
ഹൈസ്കൂൾ ടീച്ചർ ആയി ജോലി നോക്കിയിരുന്ന കദീജയെ വര്‍ഷങ്ങള്‍ക്കുശേഷം ഹയർ സെക്കണ്ടറിയിലും മലയാളം ക്ലാസ് എടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ 16ന് സ്ഥാപനത്തിലെ പ്രിൻസിപ്പാള്‍ ഇവരെ സ്കൂളിലേക്ക് വിളിപ്പിക്കുകയും ഹയർ സെക്കണ്ടറിയിൽ മലയാളം ടീച്ചറുടെ പോസ്റ്റ് നിലവിൽ ഇല്ല എന്നും അതിനാൽ മർക്കസ് സ്കൂളിൽ ഏപ്രില്‍ 30 കഴിഞ്ഞ് പിരിഞ്ഞു പോകണം എന്ന് പറയുകയും ചെയ്തു.
ഹൈസ്കൂൾ അദ്ധ്യാപികയായ തന്നെ ഹയർ സെക്കണ്ടറി ക്ലാസുകള്‍ എടുക്കാൻ ആവശ്യപ്പെട്ടതു കൊണ്ടാണ് എടുത്തതെന്നും, പിന്നെ ഹയർ സെക്കണ്ടറിയിൽ മലയാളമില്ലെന്ന് പറഞ്ഞ് പുറത്താക്കുന്നതെങ്ങനെയാണെന്ന ചോദ്യത്തിന് മുടന്തന്‍ ന്യായങ്ങളാണ് പ്രിന്‍സിപ്പാളിന്റെ ഭാഗത്ത് നിന്നുമുണ്ടായത്.
പീരിഡ് കുറയുകയോ ഡിവിഷൻ ഫാൾ ഉണ്ടാവുകയോ ചെയ്താൽ ചില മാനദണ്ഡങ്ങൾ പാലിച്ചാണ് സാധാരണ ഒരാളെ പിരിച്ചുവിടാറുള്ളത്. മലയാളം ഡിപ്പാര്‍ട്ട്മെന്റിലെ സീനിയർ ടീച്ചറായ കദീജയെ ഒഴിവാക്കുന്നതിന് കൃത്യമായ കാരണം കാണിക്കാന്‍ മാനേജ്മെന്റിന് ആയിട്ടില്ല. ഇതേ തുടര്‍ന്ന് നിയമത്തിന്റെ വഴിയേ നീങ്ങുവാൻ തീരുമാനിച്ചിരിക്കുകയാണ് കദീജ.
കോവിഡ് പ്രതിസന്ധിഘട്ടത്തിൽ ആളുകളെ സ്ഥാപനങ്ങളിൽനിന്ന് പറഞ്ഞ് വിടരുതെന്ന് സർക്കാർ ലേബർ കമ്മീഷണർക്ക് നിർദ്ദേശം നിലനില്‍ക്കയാണ് മാനേജ്മെന്റിന്‍റെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കമുണ്ടായത്. ഈ കാലയളവില്‍ ലേ-ഓഫ്, ലോക്ക് -ഔട്ട്, റിട്രെഞ്ച്മെന്‍റ്, ടെര്‍മിനേഷന്‍ തുടങ്ങിയ നടപടികള്‍ സ്വീകരിക്കാന്‍ പാടില്ല. കാഷ്വല്‍, ടെമ്പററി, കരാര്‍, ട്രെയിനി, ദിവസ വേതനം അടിസ്ഥാനത്തില്‍ നിയമിച്ചിട്ടുള്ളവരെ പിരിച്ചു വിടാനോ അവരുടെ വേതനത്തില്‍ കുറവ് വരുത്തുവാനോ പാടില്ലെന്നും ലേബര്‍ കമ്മിഷണര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്.
















