തിരുവനന്തപുരം: ഇനി മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഓക്സിജന്‍ നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ കോവിഡ് പ്രതിദിന രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ഓക്‌സിജന്റെ ഉപഭോഗം കൂടുകയാണെന്നും സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഓക്സിജന്‍ ഇവിടെ തന്നെ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു.
അതേസമയം, കേരളത്തില്‍ 219 ടണ്‍ ഓക്സിജനാണ് ഉത്പാദിപ്പിക്കുന്നത്. കരുതല്‍ ശേഖരമായ 450 ടണ്ണില്‍ ഇനി ബാക്കി 86 ടണ്‍ മാത്രമാണുള്ളത്. അതിനിടെ മേയ് 15ന് കോവിഡ് രോഗികള്‍ ആറുലക്ഷത്തിലെത്താന്‍ സാധ്യതയുണ്ടെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കുന്നു. അതിനിടെ, കാസര്‍ഗോഡ് ജില്ലയിലെ രണ്ട് ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം. ഇ കെ നായനാര്‍ ആശുപത്രിയിലും കിംസ് സണ്‍റൈസ് ആശുപത്രിയിലും ഓക്സിജന്‍ ക്ഷാമമുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇതേ തുടര്‍ന്ന് കിംസ് സണ്‍റൈസ് ആശുപത്രിയിലെ കോവിഡ് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ഉച്ചയോടെ നിലവിലുള്ള ഓക്‌സിജന്‍ സിലിഡര്‍ തീരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. എട്ട് കോവിഡ് രോഗികളെയാണ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയത്. അതേസമയം, ഓക്‌സിജന്‍ ലഭ്യമാക്കാനായി നടപടി എടുത്തെങ്കിലും വൈകിയാലുണ്ടാകുന്ന അപകടം ഒഴിവാക്കാനാണ് രോഗികളെ മാറ്റിയതെന്നാണ് അധികൃതരുടെ പ്രതികരണം. ഓക്‌സിജന്‍ പ്ലാന്റുകള്‍ ഇല്ലാത്ത കാസര്‍ഗോഡ് ജില്ലയിലേക്ക് കണ്ണൂരില്‍ നിന്നും മംഗലാപുരത്ത് നിന്നുമാണ് ഓക്‌സിജന്‍ എത്തിക്കുന്നത്. മംഗലാപുരത്ത് കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, മറ്റിടങ്ങളിലേക്ക് ഓക്സിജന്‍ സിലിഡര്‍ കയറ്റി അയക്കുന്നതിന് സംസ്ഥാനത്ത് നിയന്ത്രണമുണ്ട്.















