തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പിലാക്കിയ സമ്പൂർണ ലോക്ഡൗണ്‍ മൂന്നാം ദിവസത്തിലേക്ക്. പ്രവര്‍ത്തി ദിവസമായതിനാല്‍ കൂടുതല്‍ പേര്‍ പുറത്തിറങ്ങുമോ എന്ന ആശങ്ക പൊലീസിനുണ്ട്. ഈ സാഹചര്യത്തില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കാനാണ് തീരുമാനം.
അവശ്യ സര്‍വീസ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് മതിയാകും യാത്ര ചെയ്യാൻ. വീട്ടുജോലിക്കാര്‍, ഹോം നഴ്സ് തുടങ്ങിയവര്‍ക്കായി തൊഴിലുടമയ്ക്ക് ഇ പാസിന് അപേക്ഷിക്കാം. വിവിധ യാത്രാ ആവശ്യങ്ങള്‍ക്കായി ഇ-പാസിന് ഇതുവരെ 1,75,125 പേരാണ് രജിസ്റ്റര്‍ ചെയ്തത്.
ഇതില്‍ എണ്‍പത്തി ഒന്നായിരത്തിലേറെ അപേക്ഷകളും നിരസിച്ചിരുന്നു. നിസാര ആവശ്യങ്ങള്‍ക്കാണ് ഭൂരിഭാഗം പേരും യാത്രാനുമതി തേടുന്നതെന്ന് പൊലീസ് അറിയിച്ചു.
സംസ്ഥാനത്തെ റോഡുകള്‍ ഇന്നലെ ഏറെക്കുറെ വിജനമായിരുന്നു. നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 3065 പേര്‍ക്കെതിരെയാണ് കേസെടുത്തത്.















