അറസ്റ്റ് ചെയ്യുന്ന പ്രതികളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമത്തിൽ പങ്കുവച്ച കേരളാ പൊലീസിന്റെ സൈബർ ഡോം ഫേസ്ബുക്ക് പേജിൽ നിന്നും വിവാദമായ പോസ്റ്റുകൾ നീക്കം ചെയ്തു. ഏതെങ്കിലും കുറ്റകൃത്യത്തിൽപ്പെട്ട പ്രതിയെ അറസ്റ്റ് ചെയ്താൽ അയാളുടെ ചിത്രമോ വീഡിയോയോ സമൂഹ മാധ്യമത്തിൽ പങ്കുവെക്കാൻ പൊലീസിന് അനുമതിയില്ല എന്ന സാഹചര്യത്തിലാണ് പൊലീസിന്റെ ഈ നടപടികൾ.
കുറ്റാരോപിതരെ സമൂഹ മാധ്യമങ്ങൾക്ക് മുന്നിൽ ഏത് തരത്തിൽ പ്രദർശിപ്പിച്ചാലും അത് ഭരണഘടനയുടെ അനുഛേദം 21 ന്റെ ലംഘനമാണ്. മൗലികാവകാശങ്ങളുടെ ലംഘനം പൊലീസിനെ ഓർമപ്പെടുത്തി നിരവധി പേരാണ് പൊലീസിനെതിരെ രംഗത്തെത്തിയത്.
‘ലൈക്ക്’ കിട്ടാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് പൊലീസ് നടത്തുന്നതെന്നും സ്റ്റേറ്റിന് ചെയ്യാൻ വേറെ ഒരുപാട് പണികളുണ്ടെന്നുമാണ് വിമർശനങ്ങൾ.
















