തിരുവനന്തപുരം: ആലപ്പുഴയിൽ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗിയെ ഇരു ചക്രവാഹനത്തിൽ ഇരുത്തി ആശുപത്രിയിലെത്തിച്ച അശ്വിൻ കുഞ്ഞുമോനെയും രേഖയെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗിയുടെ ആരോഗ്യനില മനസിലാക്കി അവസരത്തിനൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിച്ച യുവാക്കളെ അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സംഭവത്തെ വളച്ചൊടിച്ച മാധ്യമങ്ങളെ മുഖ്യമന്ത്രി വിമര്‍ശിച്ചു. പുന്നപ്രയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ ശ്വാസതടസ്സമനുഭവപ്പെട്ട കോവിഡ് ബാധിതനെ ആംബുലന്‍സ് എത്താനുള്ള സമയം പോലും പാഴാക്കാതെ ആശുപത്രിയിലെത്തിച്ച രണ്ടു ചെറുപ്പക്കാരുടെ സന്നദ്ധതയെ ആണ് മറ്റൊരു തരത്തില്‍ ചിത്രീകരിക്കാന്‍ ശ്രമമുണ്ടായത്. ആ രോഗി ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നതായാണ് മനസ്സിലാക്കുന്നത്. അങ്ങനെ ഉയര്‍ന്നു പ്രവര്‍ത്തിച്ച യുവതീ യുവാക്കളെ ഈ ഘട്ടത്തില്‍ അഭിന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആംബുലന്‍സ് എത്താന്‍ പത്തുമിനുട്ട് എടുക്കുമെന്നറിഞ്ഞത് കൊണ്ട് സമയം പാഴാക്കാതെ ഇരിക്കാനാണ് രോഗിയെ ബൈക്കില്‍ എത്തിച്ചതെന്ന് രേഖ പറഞ്ഞു.
”ഓടിചെന്നപ്പോള്‍ ശ്വാസമെടുക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു രോഗി. ഉടന്‍ ഡി.സി.സി സെന്‍ററിലെ സന്നദ്ധ പ്രവര്‍ത്തകര്‍ ആംബുലന്‍സ് വിളിച്ചെങ്കിലും എത്താന്‍ പത്തുമിനുട്ട് എടുക്കുമെന്നറിഞ്ഞു. അത്രനേരം കാത്തുനിന്നാല്‍ അദ്ദേഹത്തിന്‍റെ ജീവന്‍ നഷ്ടമാകുമായിരുന്നു. അതാണ് സാഹസത്തിനു മുതിര്‍ന്നത്. മൂന്നാമത്തെ നിലയിലായിരുന്നു അദ്ദേഹം. കോണി വഴി ഇറക്കാന്‍ കൂടെയുള്ള കോവിഡ് പോസിറ്റീവായ ചെറുപ്പക്കാരോട് സഹായം ചോദിച്ചെങ്കിലും അവരാരും മുന്നോട്ടു വന്നില്ല. വീഡിയോ എടുക്കുന്ന തിരക്കിലായിരുന്നു അവര്‍. ഒടുവില്‍, തൊട്ടടുത്ത മുറിയിലുള്ള വയസ്സായ ആളുടെ സഹായത്തോടെയാണ് ഞങ്ങള്‍ താഴെ എത്തിച്ചത്” – രേഖയുടെ വാക്കുകള്‍.
കോവിഡ് രോഗികള്‍ക്കുള്ള ഡോമിസിലറി കോവിഡ് സെന്‍ററായ (ഡി.സി.സി) പുന്നപ്ര പഞ്ചായത്തിലെ ആലപ്പുഴ എന്‍ജിനിയറിങ് കോളജ് വുമണ്‍സ് ഹോസ്റ്റലിലാണ് സംഭവം. ഡിവൈഎഫ്‌ഐ ആലപ്പുഴ ഭഗവതിക്കല്‍ യൂണിറ്റ് അംഗങ്ങളും കോവിഡ് സന്നദ്ധ പ്രവര്‍ത്തകരുമായ രേഖ പി മോളും അശ്വിന്‍ കുഞ്ഞുമോനുമാണ് രോഗിയെ ആശുപത്രിയിലെത്തിച്ചത്.
ഇന്ന് രാവിലെ ഒമ്ബതിന് കോവിഡ് രോഗികള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ എത്തിയതായിരുന്നു ഇരുവരും. അപ്പോഴാണ് ഒരു രോഗിക്ക് ശ്വാസം കിട്ടാതെ അവശനായ വിവരം അറിയുന്നത്. ഉടന്‍ ആംബുലന്‍സിന് വിളിച്ചെങ്കിലും എത്താന്‍ 10-15 മിനുട്ട് താമസിക്കും എന്നറിഞ്ഞു. ഇതോടെ സമയം കളയാതെ ബൈക്കില്‍ നടുവിലിരുത്തി, അശ്വിന്‍ ബൈക്കോടിച്ച് സമീപം തന്നെയുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അവിടെയെത്തിച്ച ശേഷം ഓക്‌സിജന്‍ ലെവല്‍ ശരിയായി. പിന്നീട് ആംബുലന്‍സെത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായും ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.
















