തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് മരുന്നുകള്‍ വീടുകളില്‍ എത്തിക്കാന്‍ സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശ്വാസകോശ സംബന്ധമായ രോഗങ്ങളുടേയും ജീവിത ശൈലീരോഗങ്ങളുടേയും ക്ലിനിക്കുകള്‍ കോവിഡ് കാലത്തിന് മുന്നേ തുടങ്ങിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം അസുഖങ്ങൾ ഉള്ളവർക്ക് ആവശ്യമായ സുരക്ഷ ഉറപ്പുവരുത്താൻ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഇ-ഹെൽത്ത് സംവിധാനം വഴി ഡാറ്റാബേസ് ഉണ്ടാക്കും. കൊവിഡ് സാഹചര്യം ഭാവിയിൽ ആവര്‍ത്തിച്ചാലും ഈ ഡാറ്റാബേസ് ഗുണം ചെയ്യും.
വികേന്ദ്രീകൃതമായ സാമൂഹിക ആരോഗ്യ സുരക്ഷാ സംവിധാനത്തിലൂടെ പാര്‍ശ്വവത്കരിക്കപ്പെട്ട ആളുകളുടെ സുരക്ഷ ഉറപ്പാക്കും. വയോജനങ്ങൾ, ഭിന്നശേഷിക്കാര്‍ മുതൽ ട്രാൻസ്ജെൻഡറുകള്‍ വരെ ഉള്ളവർക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങൾ വഴി സുരക്ഷ ഒരുക്കണം.
ഐസിയു, വെന്റിലേറ്റര്‍ ബെഡുകളുടെ എണ്ണം കൂട്ടാന്‍ കഴിഞ്ഞു. ഐസിയു ബെഡുകള്‍ 1200 ല്‍ നിന്ന് 2,887 ആയി കൂടി.
സംസ്ഥാനത്ത് ഓക്സിജൻ ലഭ്യതയുടെ കാര്യത്തിലും ആവശ്യമായ നടപടികൾ സ്വീകരിച്ചു. എന്നാൽ, എന്തൊക്കെ ചെയ്താലും രോഗവ്യാപനം അനിയന്ത്രിതമായാൽ സർക്കാർ നിസ്സഹായരാകും എന്നതിന് വികസിത രാജ്യങ്ങളിലെ അവസ്ഥ ഉദാഹരണം ആണ്.
















