രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ഭീതിതമായ രീതിയിൽ വ്യാപിക്കുന്നതിനിടെ അതുവെച്ചും തട്ടിപ്പ് നടത്തുകയാണ് ഒരു സംഘം. വാക്‌സിന് വേണ്ടി രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടുള്ള ഒരു മെസ്സേജ് ഫോണുകളിലേക്ക് അയച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നത്. മെസേജിൽ നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ കോവിൻ സൈറ്റിൽ എത്തുന്നതിന് പകരം നിങ്ങൾ എത്തുക തട്ടിപ്പ് സംഘങ്ങളുടെ പേജുകളിലേക്ക് ആകും. അവിടെ നിങ്ങളുടെ പണം ഉൾപ്പെടെ എന്തും തട്ടിയെടുക്കാൻ പാകത്തിന് കാത്തിരിക്കുകയാണ് സംഘങ്ങൾ.
ചില ലിങ്കുകളിൽ ക്ലിക്ക് ചെയ്‌താൽ നേരെ ചെല്ലുന്നത് ഒരു ആപ്പ് ഡൌൺ ലോഡ് ചെയ്യാൻ ആവശ്യപ്പെട്ടാകും. വാക്‌സിൻ രജിസ്റ്റർ എന്ന് തന്നെയാകും അവിടെയും കാണുക. കോവിൻ ആപ്പിനെ പോലെ തന്നെയാകും അതും കാണാൻ ഉണ്ടാവുക. എന്നാൽ അതിൽ കയറിക്കഴിഞ്ഞാൽ നിങ്ങളുടെ ഫോൺ തന്നെ നശിപ്പിക്കാനോ ചോർത്താനോ സാധിക്കുന്ന തരത്തിലാകും അത് ഉണ്ടാവുക. നിങ്ങളുടെ വിവരങ്ങൾ മുഴുവൻ ചോർത്തപ്പെട്ടേക്കാം. ബാങ്ക് ഡീറ്റെയിൽസ് വഴി പണം തട്ടിയേക്കാം. കരുതൽ കോവിഡിനോട് മാത്രമല്ല, ഇത്തരം തട്ടിപ്പുകളോടും ആവശ്യമാണ്.
ഇത്തരത്തിൽ തട്ടിപ്പ് വ്യാപകമായതായി ദി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. സൈബർ സെക്യൂരിറ്റി സ്ഥാപനമായ ഇഎസ്ഇടി യിലെ മാൽവെയർ റിസേർച്ചറായ ലൂക്കാസ് സ്റ്റീഫൻകോ യാണ് ഇത് സംബന്ധിച്ച് ആദ്യ വെളിപ്പെടുത്തൽ നടത്തിയത്. അദ്ദേഹത്തിന്റെ ട്വീറ്റിൽ ചിത്രങ്ങൾ സഹിതം തട്ടിപ്പ് പങ്ക് വെച്ചിട്ടുണ്ട്.
തട്ടിപ്പ് സംഘം ഇപ്പോൾ ലക്ഷ്യം വെച്ചിരിക്കുന്നത് പ്രധാനമായും ഇന്ത്യയെയാണ്. കാരണം ലോകത്ത് ഏറ്റവും വലിയ വ്യാപനം നടക്കുന്നതിനാൽ ജനങ്ങൾ എല്ലാം തന്നെ ഭീതിയിലാണ്. അതിനാൽ വാക്സിനേഷൻ സ്ലോട്ട് ലഭിക്കാനായി ജനം മുഴുവൻ തിരയുകയാണ്. ഈ അവസരം തന്നെയാണ് തട്ടിപ്പ് സംഘവും ഉപയോഗപ്പെടുത്തുന്നത്.
ഈ തട്ടിപ്പിൽ വീഴാതിരിക്കാൻ എന്ത് ചെയ്യണം?
ജാഗ്രതയാണ് പ്രധാനം. കോവിഡ് വാക്സിൻ രജിസ്റ്റർ ചെയ്യാൻ കോവിൻ, ആരോഗ്യ സേതു പ്ലാറ്റുഫോമുകൾ മാത്രമാണ് ഉള്ളത്. അതിനാൽ ഇതെല്ലാതെ വരുന്നത് എല്ലാം അവഗണിക്കണം. ഇക്കാര്യം മറ്റുള്ളവരെയും പറഞ്ഞ് മനസിലാക്കണം. എസ്എംഎസ് ആയി വരുന്ന സന്ദേശങ്ങളെ അവഗണിക്കണം.
കോവിഡ് രജിസ്ട്രേഷന് സഹായിക്കാമെന്ന തരത്തിൽ നമുക്ക് വരുന്ന മെസേജുകൾ, എസ്എംഎസുകൾ, ഇമെയിലുകൾ എന്നിവ അവഗണിക്കുക. രജിസ്റ്റർ ചെയ്യാൻ നേരിട്ട് സൈറ്റിൽ കയറുക. നമുക്ക് വരുന്ന മെസേജുകളിലെ ലിങ്കിൽ ഒരു പരീക്ഷണത്തിന് വേണ്ടി പോലും ക്ലിക്ക് ചെയ്യരുത്. അത്തരം മെസേജുകൾ മറ്റുള്ളവർക്ക് ഷെയർ ചെയ്യുകയും അരുത്.