തിരുവനന്തപുരം∙ സംസ്ഥാനത്ത് ഓക്സിജൻ ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ സഹായഹസ്തവുമായി ഐഎസ്ആർഒ. ക്രയോജനിക് എൻജിനായി ഉൽപാദിപ്പിക്കുന്ന 12 ടണ്‍ ലിക്വിഡ് ഓക്സിജനാണ് തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിൽനിന്ന് ഐഎസ്ആർഒ കേരളത്തിലെത്തിച്ചത്.
ഓക്‌സിജന്‍ സഹായം അഭ്യര്‍ഥിച്ച് ചീഫ് സെക്രട്ടറി ഐഎസ്ആര്‍ഒ ചെയര്‍മാന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സഹായം.
ആഴ്ചയില്‍ 12 ടണ്‍ ഓക്‌സിജന്‍ എത്തിക്കാമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചിട്ടുണ്ട്. പ്രത്യേക ടാങ്കറുകളിലാണ് ലിക്വിഡ് ഓക്‌സിജന്‍ എത്തിക്കുന്നത്. റോക്കറ്റ് ലോഞ്ചിംഗ് ഇല്ലാത്തതിനാല്‍ മഹേന്ദ്രഗിരിയിലെ ഓക്‌സിജന്‍ പ്ലാന്റ് അടച്ചിട്ടിരുന്നു. എന്നാല്‍ ഓക്‌സിജന്‍ പ്രതിസന്ധി വന്നതോടെ പ്ലാന്റ് തുറന്ന് ഓക്‌സിജന്‍ ഉത്പാദനം പുനരാരംഭിക്കുകയായിരുന്നു.
മഹേന്ദ്രഗിരിയിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ കോംപ്ലക്‌സിലെ ഓക്‌സിജന്‍ പുറത്തു കൊടുക്കാന്‍ അനുമതിയില്ല. കോവിഡ് ആവശ്യത്തിനായി മാത്രമേ ഉപയോഗിക്കൂ എന്ന് ഔദ്യോഗികമായി അറിയിച്ചതിനെത്തുടര്‍ന്നാണ് സൗജന്യമായി ഓക്‌സിജന്‍ നല്‍കി തുടങ്ങിയത്.
ക്രയോജനിക് എൻജിനായി ടൺ കണക്കിനു ലിക്വിഡ് ഓക്സിജനാണ് മഹേന്ദ്രഗിരിയിലെ പ്ലാന്റിൽ (ഐപിആർസി) ഉൽപ്പാദിപ്പിക്കുന്നത്. 15 വർഷമായി പ്ലാന്റ് പ്രവർത്തിക്കുന്നുണ്ട്. ക്രയോജനിക് എൻജിന് ഉപയോഗിക്കുന്ന ലിക്വിഡ് ഓക്സിജനു മെഡിക്കൽ ഓക്സിജനേക്കാൾ ശുദ്ധി കൂടുതലാണ്.
തമിഴ്നാട്ടിനും ഈ പ്ലാന്റിൽനിന്ന് ഓക്സിജൻ കൊടുക്കുന്നുണ്ട്. 12 ടണ്ണിനു മുകളിൽ ഓക്സിജൻ ആവശ്യം വന്നാൽ നൽകാനുള്ള സന്നദ്ധതയും ഐഎസ്ആർഒ അറിയിച്ചു.
















