തിരുവനന്തപുരം: രണ്ടാം പിണറായി സര്ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20 ന് നടക്കും. ഇന്ന് നടന്ന സിപിഎം – സിപിഐ ഉഭയകക്ഷി ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. ലോക്ക്ഡൗണിന് ശേഷം 17ന് ഇടതുമുന്നണി യോഗം ചേരും. 18ന് സിപിഎം സെക്രട്ടറിയേറ്റ് ചേരും. ഇതിന് ശേഷമാണ് സത്യപ്രതിജ്ഞ.
വൈകിട്ട് അഞ്ചിന് എകെജി സെന്ററില്‍ നടന്ന ചര്‍ച്ചയില്‍ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സത്യപ്രതിജ്ഞ എന്ന് നടത്തണം എന്നകാര്യത്തിലാണ് ചര്‍ച്ചയില്‍ തീരുമാനമുണ്ടായത്. 17 ന് എല്‍ഡിഎഫ് യോഗം വിളിച്ചിട്ടുണ്ട്. മന്ത്രിമാരുടെ കാര്യത്തില്‍ ആ യോഗത്തിലാവും തീരുമാനം ഉണ്ടാവുക. ഘടകക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്ന കാര്യത്തിലും ഇന്ന് ചര്‍ച്ച നടന്നു. എന്നാല്‍ അന്തിമ തീരുമാനം ആയില്ല. ഇക്കാര്യത്തില്‍ സിപിഐ നിലപാട് അറിയിച്ചിട്ടുണ്ട്.
മന്ത്രിസഭയിലെ സിപിഐ അംഗങ്ങളുടെ എണ്ണത്തെ കുറിച്ച് കാനം രാജേന്ദ്രന്‍ സിപിഎം നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. നാല് സീറ്റുകള്‍, രണ്ട് കാബിനറ്റ് പദവികള്‍ എന്ന മുന്‍ കണക്കില്‍ നിന്ന് സിപിഐ പിന്നോട്ടുപോയിട്ടില്ല.
കേരള കോണ്‍ഗ്രസ് എം ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് നല്‍കാനുള്ള മന്ത്രിസ്ഥാനങ്ങളുടെ കാര്യത്തില്‍ ധാരണയായിട്ടില്ല. ഇരു പാര്‍ട്ടികളും വീണ്ടും ചര്‍ച്ച നടത്തും.
ഒരു എംഎല്‍എ മാത്രമുള്ള ഘടകക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്ന കാര്യത്തിലാണ് ഇനി തീരുമാനം എടുക്കാനുള്ളത്. അതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണ്.
















