തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ബലപ്രയോഗം പാടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി.
മാസ്‌ക് ധരിക്കാത്തവരെ അത് ധരിക്കാന്‍ വിനയത്തോടെയും ശക്തമായും പ്രേരിപ്പിക്കുകയാണ് വേണ്ടത്. അവര്‍ക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കാം. പൊലീസ് അപമര്യാദയായി പെരുമാറാന്‍ പാടില്ല. ഇത് സംബന്ധിച്ച ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം.
പാല്‍ വില്‍പ്പന കേന്ദ്രങ്ങള്‍, ബേക്കറി എന്നിവ തുറന്നുപ്രവര്‍ത്തിക്കാന്‍ പൊലീസ് അനുവദിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഭക്ഷണശാലകള്‍, പലവ്യഞ്ജനക്കടകള്‍, പഴം വില്‍പ്പനശാലകള്‍ എന്നിവ നിശ്ചിതസമയം വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കേണ്ടതാണ്.
ചരക്ക് കൊണ്ടുപോകുന്ന വാഹനങ്ങള്‍ യാതൊരു കാരണവശാലും തടയാന്‍ പാടില്ല. മയക്കുമരുന്ന്, കള്ളക്കടത്ത് സാമഗ്രികള്‍ എന്നിവ കൊണ്ടുപോകുന്നതായി വ്യക്തമായ വിവരം ലഭിച്ചാല്‍ മാത്രമേ ചരക്കുവാഹനങ്ങള്‍ പരിശോധിക്കാവൂ. യാത്രാ വാഹനങ്ങള്‍ പരിശോധിക്കുമ്പോള്‍ ഗതാഗതം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം. ചില സ്ഥലങ്ങളില്‍ പൊലീസ് നിശ്ചിതസമയത്തിനു മുന്‍പ് തന്നെ കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇത് പൂര്‍ണമായും ഒഴിവാക്കണം.
തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത സാധാരണ ജോലിക്കാര്‍, കൂലിപ്പണിക്കാര്‍ എന്നിവരെ അവരുടെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് യാത്ര ചെയ്യാന്‍ അനുവദിക്കണം. എന്നാല്‍ അവരുടെ പേരും മൊബൈല്‍ നമ്പറും വാങ്ങി വയ്ക്കണം. വീട്ടുവേലക്കാര്‍, ഹോം നേഴ്‌സ്, മുതിര്‍ന്നവരെ വീടുകളില്‍ പോയി പരിചരിക്കുന്നവര്‍ എന്നിവരെ വരെ സാക്ഷ്യപത്രം പരിശോധിച്ച് കടത്തിവിടാം. ആനകള്‍ക്ക് ഭക്ഷണത്തിനായി ഓല, പനയോല എന്നിവ കൊണ്ടുപോകുന്നത് തടയാന്‍ പാടില്ലെന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശിച്ചു.
















