തിരുവനന്തപുരം: സംസ്ഥാനത്ത് ഗ്രാമീണ മേഖലകളിലും കോവിഡ് കേസുകൾ വർധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇവിടങ്ങളിൽ കർശന നിയന്ത്രണം ഉണ്ടാകും. കേരളത്തിലും ഗ്രാമീണ മേഖലയിൽ മുമ്പുള്ളതിനേക്കാൾ കേസുകൾ കൂടുന്ന പ്രവണതയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
“ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയുണ്ട്. ലക്ഷണങ്ങള്‍ കൂടിയ ഘട്ടത്തിലാണ് ചിക്തിസ പഞ്ചാബിലും മറ്റ് ആളുകള്‍ ചികിത്സതേടിയെത്തിയത്. കേരളത്തിലും ഗ്രാമീണ മേഖലയില്‍ കേസ് കൂടുന്ന പ്രവണത കാണുന്നു. കേരളത്തില്‍ നഗര- ഗ്രാമ അന്തരം കുറവാണ്. ഗ്രാമീണ മേഖലകളിലെ ആരോഗ്യ സംവിധാനം മറ്റ് മേഖലകളേക്കാള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നത് ആശ്വാസകരമാണ്. എന്നാല്‍ നിയന്ത്രണങ്ങള്‍ ഗ്രാമ മേഖലയില്‍ വിട്ടു വീഴ്ചയില്ലാതെ നടപ്പിലാക്കും”, മുഖ്യമന്ത്രി അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ അക്കാര്യം ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹോം ക്വാറന്റൈനിൽ കഴിയുന്നവർ ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ പൂർണ്ണമായും പാലിക്കണം. പൾസ് ഓക്‌സി മീറ്റർ ഉപയോഗിച്ച് ഓക്‌സിജൻ നില ഇടയ്ക്കിടെ പരിശോധിക്കണം. എന്തെങ്കിലും പ്രശ്‌നങ്ങളോ ബുദ്ധിമുട്ടോ ഉണ്ടായാൽ വാർഡ് മെമ്പർമാരുമായോ ആരോഗ്യ പ്രവർത്തകരേയോ ബന്ധപ്പെട്ട് തുടർ പ്രവർത്തനങ്ങൾ സ്വീകരിക്കണം. ആർക്കും ചികിത്സ കിട്ടാതെ പോകുന്ന സാഹചര്യം ഇല്ലാതിരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
50 ശതമാനം ആളുകളിലേക്ക് രോഗം പകര്‍ന്നത് വീടുകളില്‍ വെച്ചാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് നടത്തിയ പഠനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു. വയോജനങ്ങളും കുട്ടികളുമായി ബന്ധപ്പെടുമ്പോള്‍ ശ്രദ്ധിക്കണം. കഴിയാവുന്നത് വീട്ടില്‍ നിന്ന പുറത്തിറങ്ങരുത് എന്നതാണ് ഏറ്റവും നല്ല മുന്‍കരുതലെന്നും അദ്ദേഹം പറഞ്ഞു.
















