കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് സ്ഫോടനത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. ഇരിട്ടിക്കടുത്ത് പടിക്കച്ചാലില്‍ സഹോദരങ്ങളായ മുഹമ്മദ് ആമീന്‍ (5) മുഹമ്മദ് റഹീദ് (ഒന്നര വയസ്) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം.
ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് കിട്ടിയ ഐസ്ക്രീം ബോള്‍ വീട്ടില്‍ കൊണ്ടുവന്ന് കളിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ പരിയാരം മെഡിക്കല്‍ കോളേിലേക്ക് മാറ്റി. അതേസമയം, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ തയ്യാറാക്കിയ ഐസ്ക്രീം ബോംബാണിതെന്നാണ് നിഗമനം. വിഷയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
അപകടത്തില്‍ അമീന്റെ നെഞ്ചിലും കാലിലും ചീളുകള്‍ തറച്ച് പരിക്കുണ്ട്. റഹീദിനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരികെ കൊണ്ടുവന്നു. അമീന്റെയും റഹീദിന്റെയും കുടുംബം പടിക്കച്ചാലില്‍ വാടകയ്ക്ക് താമസിക്കുകയാണ്. ഈ പ്രദേശങ്ങളില്‍ ആളൊഴിഞ്ഞ പറമ്പില്‍ ഇത്തരത്തില്‍ ബോംബ് സൂക്ഷിക്കാറുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് കതിരൂരില്‍ ബോംബ് പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തികള്‍ തകര്‍ന്നത്.
















