തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വോട്ടെടുപ്പ് ദിവസം നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി പിണറായി വിജയന്. സുകുമാരന്‍ നായര്‍ വോട്ടെടുപ്പ് ദിവസം തുടര്‍ഭരണം പാടില്ലെന്ന സന്ദേശം നല്കി. എന്നാല്‍ ജനങ്ങള്‍ അവരുടെ ജീവിതാനുഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് വോട്ട് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനവിധിയെ അട്ടിമറിക്കാന്‍ അത്തരമൊരു പരാമര്‍ശം കൊണ്ടൊന്നും സാധിക്കില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
“അയ്യപ്പനും സകല ദൈവഗണങ്ങളും സര്ക്കാരിനൊപ്പമുണ്ടെന്നാണ് തെരഞ്ഞെടുപ്പ് ഫലം വരുമ്ബോള്‍ മനസിലാക്കാന്‍ കഴിയുന്നത്. എന്‍എസ്എസ് സെക്രട്ടറി സുകുമാരന്‍നായര്‍ക്കുള്ള മറുപടി കൂടിയല്ലേ തെരഞ്ഞെടുപ്പ് ഫലമെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ” എന്നായിരുന്നു ചോദ്യം.
“ഇതെല്ലാം വ്യക്തമല്ലേ. നന്നേ കാലത്തെ വോട്ട് ചെയ്ത് എല്‍ഡിഎഫിന്റെ തുടര്‍ഭരണം പാടില്ല എന്ന് വിരലുയര്‍ത്തി പറയുമ്ബോള്‍ നിങ്ങളുടെ വോട്ട് എല്‍ഡിഎഫിനെതിരായാണ് എന്ന സന്ദേശമാണ് സുകുമാരന്‍ നായര്‍ ഉദ്ദേശിച്ചത്. എന്നാല്‍ ജനങ്ങള്‍ അവരുടെ ജീവിതാനുഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് വോട്ട് ചെയ്തത്. അതാണ് കേരളത്തിലെ എല്ലാ പ്രദേശത്തും എല്ലാ ജനവിഭാഗങ്ങളിലും കാണാന്‍ കഴിയുന്നത്. കേരളത്തിലെ എല്ലായിടത്തും ഒരേപോലെ എല്‍ഡിഎഫിനെ അനുകൂലിക്കുന്ന വികാരമാണ് ദൃശ്യമായത്. അതിനെ അട്ടിമറിക്കാന്‍ അത്തരമൊരു പരാമര്‍ശം കൊണ്ടു മാത്രം കഴിയുമായിരുന്നില്ല”- ഇതായിരുന്നു പിണറായിയുടെ മറുപടി.
ഭരണ മാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കുന്നുവെന്നും നാട്ടില്‍ സമാധാനവും സ്വൈര്യവും ഉണ്ടാക്കുന്ന സര്‍ക്കാര്‍ വരണമെന്നുമായിരുന്നു വോട്ടെടുപ്പ് ദിവസം ജി. സുകുമാരന്‍ നായരുടെ പ്രസ്താവന. മതേതരത്വം, സാമൂഹിക നീതി, വിശ്വാസം എന്നിവ കാത്തുസൂക്ഷിക്കുന്നവര്‍ക്ക് വേണം വോട്ട് ചെയ്യേണ്ടതെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.
















