മുംബൈ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങൾ കോവിഡ് പോസിറ്റീവായതോടെ ഇന്ത്യൻ പ്രിമിയർ ലീഗിൽ ഇന്നത്തെ കളി മാറ്റി. സന്ദീപ് വാര്യറും വരുൺ ചക്രവർത്തിയുമാണ് കോവിഡ് പോസിറ്റീവായത്. ഇതോടെ ഇന്ന് നടക്കേണ്ടിയിരുന്ന കൊൽക്കത്തയും ബാംഗ്ലൂരും തമ്മിലെ മത്സരമാണ് നീട്ടിവെച്ചത്.
ഇതിനകം പാതി പിന്നിട്ട ഐ.പി.എൽ പുതിയ സീസൺ ബയോ ബബ്ൾ സുരക്ഷയോടെ അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് നടക്കുന്നത്. അവസാനമായി ഡൽഹി ക്യാപിറ്റൽസിനെതിരെ അഹ്മദാബാദിലാണ് കൊൽക്കത്ത കളിച്ചത്. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കളിക്കാൻ ബാംഗ്ലൂരിന് താൽപര്യമില്ലെന്ന് കണക്കാക്കിയാണ് നീട്ടിവെക്കൽ.
കൊൽക്കത്ത ക്യാമ്പിൽ പലർക്കും രോഗബാധ സംശയിക്കുന്നതായും ചില റിപ്പോർട്ടുകൾ പറയുന്നു. നീട്ടിവെച്ച മത്സരത്തിന്റെ പുതിയ തീയതി പിന്നീട് അറിയിക്കും.