കണ്ണൂർ: പരാജയത്തിന് പിന്നാലെ ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ച് സതീശന്‍ പാച്ചേനി. കണ്ണൂര്‍ തിരിച്ചു പിടിക്കാമെന്നു പ്രതീക്ഷിച്ചിരുന്നുവെന്നും
യുഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ പോലും വിചാരിച്ച ഭൂരിപക്ഷം ഉണ്ടായില്ലെന്നും സതീശന്‍ പാച്ചേനി വിലയിരുത്തി.
കോണ്‍ഗ്രസ് അടിത്തട്ടില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നതടക്കമുള്ള നിര്‍ദേശങ്ങളും സതീശന്‍ പാച്ചേനി മുന്നോട്ട് വെച്ചു. കൂത്തുപറമ്പും അഴീക്കോടും പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. പരാജയഭാരം നേതൃത്വത്തിന് ഉണ്ട്. അനിവാര്യമായ മാറ്റം കണ്ണൂരിലും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
‘കോണ്‍ഗ്രസിന് അടിത്തറ നഷ്ടപ്പെട്ടു. കണ്ണൂരിലെ സ്വാധീനമേഖലകളില്‍ വോട്ട് നഷ്ടപ്പെട്ടു. പാര്‍ട്ടിക്കുള്ളില്‍ നിന്ന് തോല്‍പ്പിക്കാന്‍ ശ്രമമുണ്ടായോ എന്ന് പരിശോധിക്കും. സംസ്ഥാന തലം മുതല്‍ അഴിച്ചുപണി വേണം. ഡിസിസി അധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാര്‍. പാര്‍ട്ടിയാണ് തീരുമാനം എടുക്കേണ്ടത്.’ രാജി സന്നദ്ധത അറിയിച്ച് സതീശന്‍ പാച്ചേനി പറഞ്ഞു.