ദിസ്പൂര്‍: അസമിൽ ഭരണ തുടർച്ച. 126 മണ്ഡലങ്ങളിലായിട്ടാണ് അസമിൽ തെരഞ്ഞെടുപ്പ് നടന്നത്. അതില്‍ 77 സീറ്റുകള്‍ നേടി എന്‍ഡിഎ ഭരണം ഉറപ്പിച്ചു. കോൺഗ്രസ് നേതൃത്വം നൽകുന്ന മഹാസഖ്യം 48 സീറ്റുകളിൽ മുന്നിലാണ്.
“ജനങ്ങൾ ഞങ്ങളെ അനുഗ്രഹിച്ചു, അസമിൽ ബിജെപി സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. വീണ്ടും അധികാരത്തിലേക്ക് തിരികെ എത്താൻ കഴിയുമെന്ന് വിശ്വസിക്കുന്നു.”- അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അസം മന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ ഹിമാന്ത ബിശ്വ ശർമ്മ, ജാലുക്ബാരി നിയോജകമണ്ഡലത്തിൽ നിന്ന് 1,01,911 വോട്ടുകൾക്ക് വിജയിച്ചു. വടക്കുകിഴക്കൻ മേഖലയിലെ ബിജെപിയുടെ പ്രധാന തന്ത്രജ്ഞയായ ശർമ്മ കോൺഗ്രസിന്റെ റോമൻ ചന്ദ്ര ബോർത്താകൂറിനെയാണ് പരാജയപ്പെടുത്തിയത്.
“അസം തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിനുശേഷം, എല്ലാവരോടും സംയമനം പാലിക്കണമെന്നും ആഘോഷങ്ങൾക്ക് ഒത്തുചേരരുതെന്നും ഞാൻ അഭ്യർത്ഥിക്കുന്നു. നമ്മൾ കൊവിഡ് -19 പാൻഡെമിക്കിന്റെ നടുവിലാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ യുദ്ധത്തെ മുന്നിൽ നിന്ന് നയിക്കുന്നതിനെക്കുറിച്ച് ഓർക്കണമെന്നും” അദ്ദേഹം ട്വീറ്റ് ചെയ്തു.