രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ ഇന്ത്യൻസിന് അനായാസ ജയം. രാജസ്ഥാന്‍ മുന്നോട്ടുവെച്ച 172 റണ്‍സ് വിജയലക്ഷ്യം മുംബൈ ഒമ്പത് പന്ത് ശേഷിക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. 50 പന്തില്‍ 70 റണ്‍സുമായി ക്വിന്റണ്‍ ഡീകോക്കാണ് മുംബൈയുടെ ടോപ് സ്കോറര്‍. രാജസ്ഥാൻ റോയൽസിനു വേണ്ടി ക്രിസ് മോറിസ് 2 വിക്കറ്റ് വീഴ്ത്തി.
ടൂർണമെൻ്റിൽ ആദ്യമായി ഫോമിലെത്തിയ ക്വിൻ്റൺ ഡികോക്കാണ് മുംബൈ സ്കോറിംഗിനെ നയിച്ചത്. ടൈമിങ് കണ്ടെത്താൻ ബുദ്ധിമുട്ടിയ രോഹിത് ശർമ്മ (14) പവർപ്ലേയിലെ അവസാന ഓവറിൽ പുറത്തായി. ക്രിസ് മോറിസിനായിരുന്നു വിക്കറ്റ്. സൂര്യകുമാർ യാദവും (16) വേഗം മടങ്ങി. മോറിസാണ് സൂര്യയെയും പുറത്താക്കിയത്.
പിന്നീട് മൂന്നാം വിക്കറ്റില്‍ ക്രുണാല്‍ പാണ്ഡ്യയും ക്വിന്റണ്‍ ഡീകോക്കും ഒത്തുചേര്‍ന്നു. ഇരുവരും 46 പന്തില്‍ 63 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 26 പന്തില്‍ 39 റണ്‍സെടുത്ത ക്രുണാലിനെ പുറത്താക്കി മുസ്തഫിസുര്‍ റഹ്മാനാമണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടര്‍ന്ന് എട്ടു പന്തില്‍ 16 റണ്‍സുമായി കീറോണ്‍ പൊള്ളാര്‍ഡ് ഡീകോക്കിനൊപ്പം മുംബൈയെ വിജയത്തിലേക്ക് നയിച്ചു. പൊള്ളാര്‍ഡ് രണ്ട് ഫോറും ഒരു സിക്‌സും നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. രാജസ്ഥാനായി ഓപ്പണിങ് വിക്കറ്റില്‍ ജോസ് ബട്ലറും യശ്വസി ജയ്സ്വാളും 66 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 41 റണ്‍സെടുത്ത ബട്ലറെ പുറത്താക്കി രാഹുല്‍ ചാഹര്‍ ഈ കൂട്ടുകെട്ടു പൊളിച്ചു. ബട്ലര്‍ 32 പന്തില്‍ മൂന്നു വീതം ഫോറും സിക്സും സഹിതമാണ് 41 റണ്‍സ് നേടിയത്.
20 പന്തില്‍ 32 റണ്‍സെടുത്ത യശ്വസിയേയും രാഹുല്‍ ചാഹര്‍ പുറത്താക്കി. രണ്ടു വീതം ഫോറും സിക്സും യശ്വസിയുടെ ബാറ്റില്‍ നിന്ന് പിറന്നു. പിന്നീട് സഞ്ജു സാംസണ്‍ ഇന്നിങ്സ് മുന്നോട്ടുനയിച്ചു. 27 പന്തില്‍ അഞ്ചു ഫോറിന്റെ സഹായത്തോടെ സഞ്ജു 42 റണ്‍സ് നേടി. സഞ്ജുവിന്റെ ഈ ഇന്നിങ്സാണ് രാജസ്ഥാന്റെ സ്‌കോറിങ്ങിന് വേഗത കൂട്ടിയത്. 31 പന്തില്‍ 35 റണ്‍സുമായി ശിവം ദ്യൂബ സഞ്ജുവിന് പിന്തുണ നല്‍കി.
എന്നാല്‍ അവസാന ഓവറുകളില്‍ രാജസ്ഥാന് വേഗത്തില്‍ റണ്‍സ് കണ്ടെത്താനായില്ല. നാല് പന്തില്‍ ഏഴു റണ്‍സെടുത്ത ഡേവിഡ് മില്ലറും ഏഴു പന്തില്‍ എട്ടു റണ്‍സെടുത്ത റിയാന്‍ പരേഗുമായിരുന്നു ക്രീസിലുണ്ടായിരുന്നത്.തകര്‍ത്തടിച്ച് ഡീകോക്ക്; രാജസ്ഥാനെതിരെ മുംബൈക്ക് അനായാസ ജയം