പാനാജി: ഇന്ത്യയിലെ പ്രമുഖ ബി-സ്‌കൂളായ ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ജിഐഎം) സ്ഥാപിച്ച അടല്‍ ഇന്‍കുബേഷന്‍ സെന്ററും (എഐസി) വെര്‍ണയിലെ കാമാക്ഷി കോളജ് ഓഫ് കുലീനറി ആര്‍ട്ട്‌സും (കെസിസിഎ) ചേര്‍ന്ന് രാജ്യത്ത് ആദ്യമായി പാചക, കിച്ചന്‍ ഇന്‍കുബേഷന്‍ പ്രോഗ്രാം നടത്തുന്നു. മേഖലയില്‍ വളര്‍ന്നു വരുന്ന പാചക സ്റ്റാര്‍ട്ട്-അപ്പുകള്‍ക്കും ഭക്ഷ്യ സംരംഭങ്ങള്‍ക്കും അത്യാധുനിക അടിസ്ഥാന സൗകര്യവും പിന്തുണയും നല്‍കുകയാണ് ലക്ഷ്യം.
ദക്ഷിണ ഗോവയില്‍ കെസിസിഎയുടെ വെര്‍ണ കാമ്പസിലായിരിക്കും ഇന്‍കുബേറ്റര്‍ കിച്ചന്‍ പ്രവര്‍ത്തിക്കുക. ഗവേഷണത്തിനും വികസനത്തിനും വേണ്ട മുന്തിയ നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും അത്യാധുനിക കിച്ചന്‍ ഇടങ്ങളും ഉണ്ടാകും. ഭക്ഷ്യ സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി റെസ്റ്റോറന്റ്, ക്ലാസ് റൂം പരിശീലനങ്ങള്‍ നല്‍കും. ജിഐഎമ്മിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ പരിക്ഷിത് പയ് ഫോണ്ടേക്കറാണ് കെസിസിഎ സ്ഥാപിച്ചത്.
ഭക്ഷണവുമായി ബന്ധപ്പെട്ട ബിസിനസുകള്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായാണ് ഇന്‍കുബേറ്റര്‍ പ്രോഗ്രാം ഒരുക്കിയിരിക്കുന്നത്. ചെഫ്, ബേക്കറി, ഈറ്ററി പ്രമോട്ടേഴ്‌സ്, റസ്റ്റോറന്റ്, ഭക്ഷ്യ സംസ്‌കരണ വ്യവസായം തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും.
സഹകരണത്തിന്റെ ഭാഗമായി എഐസി-ജിഐഎം മേഖലയിലെ അറിവുള്ള പ്രമുഖരെ പ്രോഗ്രാമില്‍ എത്തിക്കും. താല്‍പര്യമുള്ള ഭക്ഷ്യ സംരംഭകരുടെ വൈദഗ്ധ്യം വികസിപ്പിക്കുക, വിദഗ്ധരുമായി ബന്ധപ്പെടാന്‍ അവസരം ഒരുക്കുക, ഫണ്ടിങ് തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കികൊടുക്കുകയാണ് ഇന്‍കുബേറ്റര്‍ പ്രോഗ്രാമിന്റെ ലക്ഷ്യം.
ഇന്‍കുബേറ്റര്‍ പ്രോഗ്രാം നാലു മാസം നീണ്ടു നില്‍ക്കും. ഓരോ പ്രോഗ്രാം ബാച്ചിലും 10 ഭക്ഷ്യ സംരംഭകരെ അപേക്ഷകരില്‍ നിന്നും ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യും. ആദ്യ ബാച്ച് ജൂണില്‍ ആരംഭിക്കും.
ആശയങ്ങളില്‍ നിന്ന് ലാഭകരമായ ബിസിനസിലേക്ക് മാറുന്നതിനുള്ള പ്രചോദനം ആവശ്യമുള്ള ഭക്ഷ്യ-സംരംഭകര്‍ക്ക് ഗോവ അവസരങ്ങള്‍ നല്‍കുന്നുവെന്നും പുതിയ പ്രോഗ്രാം പാചക സംരംഭകര്‍ക്ക് നൂതനമായ ആശയങ്ങളുമായി മുന്നോട്ടു വരുന്നതിന് പ്രോല്‍സാഹനമാകുമെന്നും ഇത് എങ്ങനെ യാഥാര്‍ത്ഥ്യത്തിലാക്കുമെന്ന് മനസിലാക്കാമെന്നും ഗോവയില്‍ നിന്നും ഭക്ഷ്യ സംരംഭകരുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന ഈ സഹകരണത്തില്‍ തങ്ങള്‍ ആവേശഭരിതരാണെന്നും ലോകത്തെ പാചക ഭൂപടത്തില്‍ ഇതുവഴി ഗോവയെത്തുമെന്നും എഐസി-ജിഐഎം സിഇഒ രാജേഷ് ജോഷി പറഞ്ഞു.
ജിഐഎമ്മിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ പരിക്ഷിത് സ്ഥാപിച്ച കെസിസിഎയുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും പാചക രംഗത്തെ സ്റ്റാര്‍ട്ട്-അപ്പുകളുടെ വളര്‍ച്ചയാണ് പ്രോഗ്രാമിന്റെ ലക്ഷ്യമെന്നും ജിഐഎം ഡയറക്ടര്‍ അജിത് പരുലേക്കര്‍ പറഞ്ഞു.
കെസിസിഎ നല്‍കുന്ന ഗോവ യൂണിവേഴ്‌സിറ്റിയുടെ അംഗീകാരമുള്ള മൂന്ന് ബിവോക്ക് പാചക മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍ സംരംഭകര്‍ക്കും മാനേജ്‌മെന്റിനും താല്‍പര്യമുള്ളവര്‍ക്കായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ഭക്ഷ്യ-പാചക ടെക്‌നിക്കുകളെക്കുറിച്ചാണ് പഠിപ്പിക്കുന്നതെന്നും കെസിസിഎ സ്ഥാപകന്‍ പരിക്ഷിത് പയ് ഫോണ്ടേക്കര്‍ പറഞ്ഞു.
താല്‍പര്യമുള്ളവര്‍ക്ക് കെസിസിഎ അല്ലെങ്കില്‍ എഐസി-ജിഐഎം വെബ്‌സൈറ്റുകളില്‍ ലോഗിന്‍ ചെയ്ത് പ്രോഗ്രാമിനായി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: www.aicgim.in or www.kamaxicollege.edu.in















