ലോകത്തെ പിടിച്ചുലച്ച മഹാമാരിയായ കോവിഡിനെതിരെ എങ്ങനെ പ്രതിരോധം തീര്‍ക്കുമെന്ന ഒരു വര്‍ഷത്തിലേറെ നീണ്ട ചോദ്യത്തിന് ഉത്തരമായിരിക്കുന്നു. കോവിഡിനെ പിടിച്ചു കെട്ടാനുള്ള ഏറ്റവും ശക്തമായ ആയുധം വാക്‌സിന്‍ തന്നെയാണ്. കോവിഡിനെതിരെ നൂറോളം വാക്‌സിനുകള്‍ പരീക്ഷണഘട്ടങ്ങളിലുണ്ടെങ്കിലും ആറോ ഏഴോ വാക്‌സിനുകളാണ് മനുഷ്യനില്‍ ഉപയോഗിക്കുവാന്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ രണ്ടുതരം വാക്‌സിനുകള്‍ നമ്മുടെ രാജ്യത്ത് നിര്‍മിക്കുന്നത്. പൂനെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെക് നിര്‍മ്മിക്കുന്ന കോവാക്‌സിന്‍ എന്നിവയാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. ഈ വാക്‌സിന്‍ സുരക്ഷിതമാണെന്നും ഫലപ്രദമാണെന്നും ഇതുവരെയുള്ള പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഇതുകൂടാതെ റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്നിക് 5 വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഇന്ത്യയില്‍ അനുമതി ലഭിച്ചിരിക്കുകയാണ്. രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച മൂന്നാമത്തെ കോവിഡ് പ്രതിരോധ വാക്‌സിനാണു സ്പുട്നിക് 5.
വാക്‌സിന്‍ എന്നാല്‍ ??
ശരീരത്തിനുപുറത്ത് സ്വതന്ത്രമായി ജീവിക്കാന്‍ കഴിയാത്ത സൂക്ഷ്മജീവിയാണ് വൈറസ്. അത് ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ കോശങ്ങള്‍ക്കുള്ളിലെത്തുകയും പെരുകുകയും ചെയ്യുന്നു. ഇതേതുടര്‍ന്ന് നശിക്കുന്ന കോശത്തിനുള്ളില്‍നിന്ന് പുറത്തുവരുന്ന വൈറസ് മറ്റു കോശങ്ങളില്‍ പ്രവേശിക്കുകയും ഈ പ്രക്രിയ തുടരുകയും ചെയ്യും. ഈ രീതിയിലാണ് വൈറസ് അവയവങ്ങള്‍ക്ക് നാശമുണ്ടാക്കുന്നത്. ഈ വൈറസിനെ പുറത്തുനിന്നുള്ള വസ്തുവായി നമ്മുടെ ശരീരത്തിലെ കോശങ്ങള്‍ മനസ്സിലാക്കുകയും ആന്റിബോഡി ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് നശിപ്പിക്കുകയും ചെയ്യുന്നു. ഒരിക്കല്‍ ഒരു സൂക്ഷ്മജീവിക്കെതിരെ പ്രതിരോധ പ്രവര്‍ത്തനം നടത്തിയാല്‍ ശരീരം അത് ഓര്‍ത്തുവയ്ക്കുകയും പിന്നെ അണുബാധയുണ്ടായാല്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നു. സൂക്ഷ്മജീവികള്‍ക്കു പകരം അതിന്റെ ഘടകങ്ങളെയോ നിര്‍ജ്ജീവമായ സൂക്ഷ്മജീവിയെയോ ശരീരത്തിലേക്ക് കടത്തിവിട്ടാലും ഇതേപ്രക്രിയ ആവര്‍ത്തിക്കപ്പെടുന്നു. വാക്‌സിനുകള്‍ ഈ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രത്യുല്‍പാദന ശേഷി ഇല്ലാത്ത ജീവനുള്ള കോവിഡ് വൈറസിനെയോ വൈറസിന്റെ ഘടകങ്ങളെയോ ആണ് കോവിഡ് വാക്‌സിന്‍ ആയി ഉപയോഗിക്കുന്നത്.
വാക്‌സിന്‍ എത്ര പരീക്ഷണ ഘട്ടങ്ങളിലൂടെ കടന്ന് പോകണം?
ഏതൊരു പുതിയൊരു മരുന്നിനേയും പോലെ വാക്‌സിനും നാല് ഘട്ടങ്ങളിലൂടെയുള്ള ക്ലിനിക്കല്‍ പരീക്ഷണത്തിന് വിധേയമാകണം. പ്രീ-ക്ലിനിക്കല്‍ ഘട്ടത്തില്‍ തുടങ്ങി ആയിരക്കണക്കിന് ആളുകളില്‍ പരീക്ഷിക്കുന്ന മൂന്നാം ഘട്ടം വരെ നീളുന്നു ഈ പരീക്ഷണം. ഡ്രഗ്‌സ് കണ്‍ട്രോളറില്‍ നിന്നും അനുമതി ലഭിച്ച് വിപണിയിലെത്തുന്ന മരുന്നിനെ നിര്‍മ്മാതാക്കള്‍ തുടര്‍ന്നും നിരീക്ഷിച്ചു കൊണ്ടേയിരിക്കണം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വാക്‌സിന്‍ രോഗികളില്‍ അനാവശ്യമായ പ്രഭാവം സൃഷ്ടിക്കുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് ഇത്.
എന്താണ് കോവിഷീൽഡ്
ഓക്സ്ഫോർഡ് യൂണിവേഴ്സ്റ്റിയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടും, ആസ്ട്ര സെനേക്ക കമ്പനിയുമായുള്ള സഹകരണത്തോടെ ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ച വാക്സിൻ ആണ് കോവിഷീൽഡ്.
ചിമ്പാൻസിയിൽ അസുഖമുണ്ടാക്കുന്ന ഒരിനം അഡിനോ വൈറസിനെ മനുഷ്യർക്ക് ദോഷകരമല്ലാത്ത രീതിയിൽ മാറ്റങ്ങൾ വരുത്തിയാണ് ഈ വാക്സിനിൽ വെക്ടർ ആയി ഉപയോഗിക്കുന്നത്. സാർസ് CoV2 – 19 എന്ന കൊറോണ വൈറസിന്റെ ആവരണത്തിലെ മുള്ളുകൾ പോലെയുള്ള സ്പൈക് പ്രോട്ടീൻ നിർമ്മിക്കുന്നതിനാവശ്യമായ ജനിതക ശ്രേണി മേൽപറഞ്ഞ വെക്ടർ വൈറസിൽ സംയോജിപ്പിച്ചിരിക്കുന്നു. ഇതുവഴി ഈ വാക്സിൻ സ്വീകരിക്കുന്ന ആളിൽ സ്പൈക് പ്രോട്ടീൻ ഉൽപ്പാദിപ്പിക്കപ്പെടുകയും തുടർന്ന് അതിനെതിരായ ആന്റിബോഡികൾ ഉൽപ്പാദിപ്പിക്കപ്പെടുകയും രോഗ പ്രതിരോധം ആർജിക്കപ്പെടുകയും ചെയ്യും.
കോവിഡ് വൈറസിന്റെ സ്പൈക് പ്രോട്ടീൻ മാത്രമാണ് നമ്മുടെ ശരീരത്തിൽ ഉണ്ടാവുക എന്നതിനാൽ വാക്സിൻ സ്വീകരിക്കുന്നതിലൂടെ കോവിഡ് രോഗബാധ ഒരു രീതിയിലും ഉണ്ടാവില്ല. വെക്ടർ ആയി ഉപയോഗിക്കുന്ന ചിമ്പാൻസി അഡിനോ വൈറസിന് നമ്മുടെ ശരീരത്തിൽ പെരുകി വർധിക്കാൻ സാധിക്കാത്ത തരത്തിലുള്ള മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്നതിനാൽ ഇതുമൂലമുള്ള അസുഖങ്ങളും ഉണ്ടാവില്ല.
കോവാക്സിന്‍
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുമായി (എന്‍ഐവി) ചേര്‍ന്നാണ് ബിബിഐഎല്‍ കോവാക്‌സിന്‍ വികസിപ്പിച്ചത്. ഇരട്ട ജനിതക വ്യതിയാനം സംഭിച്ച കോവിഡ് വൈറസിനും കോവാക്സിന്‍ ഫലപ്രദമാണെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു.
വിവിധ തരത്തിലുള്ള വ്യതിയാനങ്ങള്‍ സംഭിവിച്ച വൈറസുമായി കോവാക്സിന്‍ പരീക്ഷിച്ചതായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നുള്ള വൈറസിന് പുറമെ, ബ്രിട്ടണിലും, ബ്രസീലിലും, ദക്ഷിണാഫ്രിക്കയിലും കാണപ്പെട്ട വൈറസുകളിലും പരീക്ഷണം നടത്തിയിട്ടുണ്ട്.
പ്രസ്തുത വൈറസുകള്‍ക്കെതിരെ കോവാക്സിന്‍ എത്രത്തോളം ഫലപ്രദമാണെന്ന് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് തെളിയിക്കുകയും ചെയ്തതായി ഐസിഎംആര്‍ അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ കൂടുതലായുള്ളത് ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസാണ്.
സ്പുട്‌നിക് 5
മോസ്‌കോയിലെ ഗമാലെയ നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയാണു സ്പുട്‌നിക് 5 വാക്‌സിന്‍ വികസിപ്പിച്ചത്. മനുഷ്യരില്‍ ജലദോഷത്തിന് കാരണമാകുന്ന രണ്ട് വ്യത്യസ്ത അഡെനോവൈറസുകളാണു (എഡി26, എഡി5) വാക്‌സിനില്‍ ഉപയോഗിക്കുന്നത്.
ദുര്‍ബലമായ അഡെനോവൈറസുകളാണു വാക്‌സിനില്‍ ഉപയോഗിക്കുന്നതെന്നതിനാല്‍ അവയ്ക്കു മനുഷ്യരില്‍ പകരാനും രോഗം ഉണ്ടാക്കാനും കഴിയില്ല. കൊറോണ വൈറസ് സ്‌പൈക്ക് പ്രോട്ടീന്‍ നിര്‍മിക്കുന്നതിനുള്ള കോഡ് വാക്‌സിന്‍ നല്‍കുന്ന തരത്തില്‍ വൈറസുകള്‍ പരിഷ്‌കരിച്ചു. യഥാര്‍ത്ഥ കൊറോണ വൈറസ് ശരീരത്തെ ബാധിക്കാന്‍ ശ്രമിക്കുമ്പോള്‍, ആന്റിബോഡികളുടെ രൂപത്തില്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഇതു സഹായിക്കുന്നു.
കുത്തിവയ്പിന്റെ രണ്ട് ഷോട്ടുകളിലും പരിഷ്‌കരിച്ച വ്യത്യസ്ത വൈറസുകളാണു സ്പുട്‌നിക്കില്‍ ഉപയോഗിക്കുന്നത്. ഇത് ഇരു ഷോട്ടുകള്‍ക്കും ഒരേ ഡെലിവറി സംവിധാനം ഉപയോഗിക്കുന്ന വാക്‌സിനുകളേക്കാള്‍ കൂടുതല്‍ പ്രതിരോധശേഷി നല്‍കുന്നതായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (ആര്‍ഡിഐഎഫ്) പറയുന്നു. 21 ദിവസമാണ് സ്പുട്‌നിക്ക് 5ന്റെ ഇരു ഷോട്ടുകള്‍ തമ്മിലുള്ള ഇടവേള.
സ്പുട്‌നിക് വി അതിന്റെ ദ്രാവക രൂപത്തില്‍ -18 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കണം. എങ്കിലും കട്ടിയായ-വരണ്ട രൂപത്തില്‍, സാധാരണ റെഫ്രിജറേറ്ററില്‍ 2-8 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കാം. ഇതിനായി പ്രത്യേക കോള്‍ഡ് ചെയിന്‍ സൗകര്യം ഒരുക്കാന്‍ നിക്ഷേപം നടത്തേണ്ട ആവശ്യമില്ല.
വാക്‌സിന്റെ ഫലപ്രാപ്തി 91.6 ശതമാനമാണെന്നു ദി ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ഫലങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് അനുബന്ധ പഠനം നടത്തിയശേഷം വാക്‌സിന്റെ അടിയന്തിര ഉപയോഗ അംഗീകാരത്തിന് അപേക്ഷിക്കുകയായിരുന്നു. സ്പുട്നിക് 5 മൂലം ശക്തമായ അലര്‍ജികളൊന്നും പഠനത്തില്‍ കണ്ടെത്തിയില്ല.
വാക്‌സിനുകള്‍ സുരക്ഷിതമാണോ ?
വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയാക്കിയതാണോ, അതുകൊണ്ട് അപകടം ഉണ്ടോ എന്നിവയാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ആദ്യം അംഗീകരിക്കപ്പെട്ട പരീക്ഷണ രീതികളിലൂടെ സുരക്ഷിതത്വം ഉറപ്പാക്കിയ എന്നതിന് സംശയം വേണ്ട ഫലപ്രദമാണോ രോഗപ്രതിരോധശേഷി നല്‍കുമോ എന്ന ചോദ്യം ഉയരാറുണ്ട്. വാക്‌സിന്‍ ഫലപ്രദമാണെന്നും നല്ല രീതിയില്‍ രോഗപ്രതിരോധശേഷി നല്‍കാന്‍ കെല്‍പുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
വാക്‌സിനിലുള്ള ഘടകങ്ങള്‍ മനുഷ്യനില്‍ ജനിതക വ്യതിയാനം ഉണ്ടാക്കുവാനോ, മറ്റു രോഗങ്ങള്‍ ഉണ്ടാക്കുവാനോ ശേഷിയുള്ളതല്ല എന്നത് ശാസ്ത്രസത്യവും തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്. വാക്‌സിനുകളില്‍ മറ്റു മൃഗങ്ങളുടെ ഘടകങ്ങളുണ്ടോ എന്ന് സംശയം പ്രകടിപ്പിക്കുന്ന മതവിശ്വാസികളും ഉണ്ട്. അംഗീകരിക്കപ്പെട്ട കോവിഡ് വാക്‌സിനുകളില്‍ അത്തരം ഘടകങ്ങള്‍ ഇല്ല, അതുകൊണ്ടുതന്നെ മതവിശ്വാസങ്ങളെയും ഹനിക്കുന്നില്ല. ജനിതക മാറ്റം സംഭവിച്ച വൈറസുകള്‍ക്കെതിരെ, വാക്‌സിന്‍ പ്രവര്‍ത്തിക്കുമോ എന്ന സംശയം ഉന്നയിക്കപ്പെടാറുണ്ട്. ഇപ്പോള്‍ നിലവിലുള്ള വിവിധ തരം വാക്‌സിനുകള്‍ ഫലപ്രദമാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
കോവിഡ് വാക്സിന്‍ എടുക്കണമെന്നത് നിര്‍ബന്ധമാണോ?
നിര്‍ബന്ധമില്ല. കോവിഡ് 19 വാക്സിന്‍ സ്വന്തം താത്പര്യ പ്രകാരം എടുക്കേണ്ട ഒന്നാണ്. രോഗത്തില്‍ നിന്നും സംരക്ഷണം ലഭിക്കുവാനും കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങി അടുത്തിടപഴകുന്നവരിലേക്ക് രോഗം പകരുന്നത് തടയുവാനും വാക്സിന്‍ പൂര്‍ണ്ണമായി എല്ലാ ഡോസുകളും എടുക്കുന്നതാണ് നല്ലത്.
കോവിഡ് രോഗവിമുക്തനായ ഒരാള്‍ വാക്‌സിന്‍ സ്വീകരിച്ചാല്‍ അത് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ശക്ഷതിപ്പെടുത്തുവാന്‍ വാക്‌സിന്‍ സഹായിക്കും.
കോവിഡ് സ്ഥിരീകരിക്കപ്പെടുകയോ സംശയിക്കുകയോ ചെയ്യുന്ന ആള്‍ വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തിയാല്‍ രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. അത് കൊണ്ട് രോഗലക്ഷണങ്ങള്‍ മാറി 14 ദിവസം കഴിയുന്നത് വരെ വാക്സിന്‍ സ്വീകരിക്കുന്നത് മാറ്റി വയ്ക്കാം.
പല വാക്‌സിനുകള്‍ ലഭ്യമാണെന്നിരിക്കെ നല്‍കുവാനായി ഏതെങ്കിലും ഒന്നോ രണ്ടോ വാക്സിനുകള്‍ തെരഞ്ഞെടുക്കുന്നത് എങ്ങനെയാണ്?
വാക്‌സിന്‍ വിതരണാനുമതി നല്‍കുന്നതിന് മുമ്പായി വാക്‌സിന്‍ സ്വീകര്‍ത്താക്കളില്‍ നടത്തുന്ന പരീക്ഷണ ട്രയലുകളുടെ സുരക്ഷിതത്വവും ഫലപ്രാപ്തിയും അതത് രാജ്യത്തെ ഡ്രഗ് റെഗുലേറ്റര്‍ വിലയിരുത്തും. അതിനാല്‍ ലൈസന്‍സ് ലഭിക്കുന്ന വാക്‌സിനുകള്‍ താരതമ്യേന സുരക്ഷിതവും ഫലപ്രദവും ആയിരിക്കും.എങ്കിലും ആദ്യ ഡോസ് എടുക്കുന്ന വാക്സിന്‍ തന്നെ അടുത്ത ഡോസ് എടുക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. വാക്‌സിനുകള്‍ മാറി എടുക്കാന്‍ പാടില്ല.
ഇന്ത്യയില്‍ നല്‍കുന്ന വാക്സിന്‍ മറ്റ് രാജ്യങ്ങളില്‍ നല്‍കുന്ന വാക്‌സിനുകളെ പോലെ ഫലപ്രദമാണോ?
ഫലപ്രദമാണ്. സുരക്ഷിതത്വവും ഫലപ്രാപ്തിയും വിവിധ ഘട്ടങ്ങളിലൂടെ ഉറപ്പാക്കിയിട്ടുള്ളതിനാല്‍ മറ്റ് രാജ്യങ്ങളില്‍ നല്‍കുന്ന വാക്‌സിനുകളെ പോലെ തന്നെ സുരക്ഷിതമാണ് ഇന്ത്യയില്‍ നല്‍കുന്ന വാക്‌സിനും.
കുത്തിവയ്പ്പ് എടുക്കുന്ന സമയത്ത് എന്തെങ്കിലും മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ടോ?
കോവിഡ് 19 വാക്‌സിനേഷന്‍ സ്വീകരിച്ചതിനു ശേഷം കുത്തിവയ്പ്പ് കേന്ദ്രത്തില്‍ അര മണിക്കൂര്‍ എങ്കിലും വിശ്രമിക്കണം. ഏതെങ്കിലും വിധത്തിലുള്ള അസ്വസ്ഥതയോ ശാരീരിക ബുദ്ധിമുട്ടുകളോ അനുഭവപ്പെട്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുക. മാസ്‌ക് ധരിക്കുക, കൈകള്‍ ശുദ്ധിയാക്കി വയ്ക്കുക, ശാരീരിക അകലം പാലിക്കുക.
കോവിഡ് 19 വാക്‌സിനേഷന്‍ സ്വീകരിക്കുന്നതു മുലമുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ എന്തെല്ലാമാണ്?
സുരക്ഷ ഉറപ്പാക്കിയതിനു ശേഷം മാത്രമേ കോവിഡ് 19 വാക്‌സിനേഷന്‍ നല്‍കുവാന്‍ തുടങ്ങുകയുള്ളൂ. മറ്റേതൊരു വാക്‌സിന്‍ സ്വീകരിച്ചാലും ഉണ്ടാകാന്‍ സാധ്യതയുള്ള ചെറിയ തോതിലുള്ള പനി, വേദന എന്നിവ ഈ വാക്‌സിന്‍ സ്വീകരിച്ചാലും ഉണ്ടാകാം. കോവിഡ് 19 വാക്‌സിനേഷന്‍ സ്വീകരിച്ചതുമൂലം മറ്റെന്തെങ്കിലും വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ അത് കൈകാര്യം ചെയ്യുവാന്‍ ആരോഗ്യവകുപ്പ് സുസജ്ജമാണ്.
കാന്‍സര്‍, പ്രമേഹം, രക്താതിമര്‍ദും തുടങ്ങിയവയ്ക്ക് മരുന്ന് കഴിക്കുന്നവര്‍ക്ക് കോവിഡ് 19 വാക്‌സിനേഷന്‍ സ്വീകരിക്കാം. ഈ രോഗങ്ങള്‍ ഉള്ളവര്‍ക്ക് കോവിഡ് രോഗബാധ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതല്‍ ആയതിനാല്‍ ഇവര്‍ നിര്‍ബന്ധമായും വാക്‌സിനേഷന്‍ സ്വീകരിക്കണം.
വാക്സിന്‍ എടുക്കാന്‍ രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെ ?
selfregistration.cowin.gov.in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വെബ്‌സൈറ്റിൽ പ്രവേശിക്കുക.
-തുടർന്ന് മൊബൈൽ നമ്പർ നൽകി ‘ഗെറ്റ് ഒടിപി’ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക
-നിങ്ങൾ നൽകിയ മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി നമ്പർ രേഖപ്പെടുത്തി ‘വേരിഫൈ’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം.
-തുടർന്ന് നിങ്ങളഉടെ ഏതെങ്കിലുമൊരു തിരിച്ചറിയൽ കാർഡിന്റെ വിവരം രേഖപ്പെടുത്തുക.
-ലിംഗം, ജനിച്ച വർഷം, എന്നിവ നൽകണം.
-‘ആഡ് മോർ ഓപ്ഷൻ’ നൽകി ഒരു മൊബൈൽ നമ്പറിൽ നിന്ന് നാല് പേർക്ക് രജിസ്റ്റർ ചെയ്യാം.
-വാക്‌സിനേഷൻ ഷെഡ്യൂൾ ചെയ്യാനായി പേരിന് നേരെയുള്ള ‘ഷെഡ്യൂൾ’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
-‘ഷെഡ്യൂൾ നൗ’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം.
-അതിൽ താമസ സ്ഥലത്തിന്റെ പിൻകോഡ് നൽകുകയോ, ജില്ല തെരഞ്ഞെടുക്കുകയോ ചെയ്യുമ്പോൾ വാക്‌സിനേഷൻ സെന്ററുകളുടെ വിവരം ലഭ്യമാകും.
-തുടർന്ന് തിയതിയും സമയവും നൽകി വാക്‌സിനേഷൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കാം.
വാക്‌സിനേഷൻ സെന്ററിൽ അപ്പോയിൻമെന്റ് സ്ലിപ്പിന്റെ പ്രിന്റ് ഔട്ട് കാണിക്കുകയോ, മൊബൈലിൽ വന്ന മെസേജ് ഹാജരാക്കുകയോ ചെയ്യണം.