തിരുവനന്തപുരം: നാളത്തെ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരീക്ഷയുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കും കുട്ടികള്‍ക്കും യാത്രചെയ്യാന്‍ അനുവാദമുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
കുട്ടികളെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിക്കുന്ന രക്ഷിതാക്കള്‍ ഉടന്‍ മടങ്ങണം. കൂടി നില്‍ക്കരുത്. സാമൂഹിക അകലം പാലിക്കണം. യാത്രാ സൗകര്യത്തിന് വേണ്ട ഇടപെടല്‍ നടത്താന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.
നാളെയും മറ്റന്നാളും വീട്ടില്‍ തന്നെ നില്‍ക്കുന്ന രീതി പൊതുവില്‍ അംഗീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ദിവസങ്ങള്‍ കുടുംബത്തിനായി മാറ്റിവയ്ക്കണം. അനാവശ്യ യാത്രകളും പരിപാടികളും ഈ ദിവസങ്ങളില്‍ അനുവദനീയമല്ല. നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താം. അടഞ്ഞ സ്ഥലങ്ങളില്‍ 75 പേര്‍ക്കും തുറസായ ഇടങ്ങളില്‍ 150 പേര്‍ക്കുമാണ് പരമാവധി പ്രവേശനം. ഇത് ഉയര്‍ന്ന സംഖ്യയാണ്. കുറയ്ക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. മരണാനന്തര ചടങ്ങില്‍ 50 പേര്‍ക്കേ പങ്കെടുക്കാവൂ. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കരുതണം. ദീര്‍ഘദൂര യാത്ര ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.