കാസര്‍കോട്: കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലെ പ്രവേശനത്തിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒരാഴച കഴിഞ്ഞ് നടപ്പാക്കും. ശനിയാഴ്ച ഉച്ചയ്ക്ക് ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം.
ഇന്നുമുതല്‍ നടപ്പാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പെട്ടെന്ന് നടപ്പിലാക്കുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണ് നിയന്ത്രണം ഏപ്രില്‍ 24ന് രാവിലെ എട്ടു മുതല്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്.
14 ദിവസത്തിനുള്ളില്‍ കോവിഡ് ടെസ്റ്റ് നടത്തി ലഭിച്ച നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് കോവിഡ് വാക്‌സിനേഷന്‍ ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റോ ഉള്ളവരെ മാത്രം ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, ഉപ്പള, കുമ്പള എന്നീ ടൗണുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കേണ്ടതുള്ളൂ എന്നാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചത്.