ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആക്ടിവിസ്റ്റ് ഉമര്‍ ഖാലിദിന് ജാമ്യം അനുവദിച്ചു. 20,000 രൂപ ബോണ്ടും ആള്‍ജാമ്യത്തിലുമാണ് ഡല്‍ഹി കോടതി ഉമറിന് ജാമ്യം അനുവദിച്ചത്. കലാപവുമായി ബന്ധപ്പെട്ട് ഖാജൂരി ഖാസ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ ജാമ്യം ലഭിച്ചിരിക്കുന്നത്.
ലൈവ് ലോ റിപ്പോര്‍ട്ട് പ്രകാരം കേസില്‍ ആളുകളെ സംഘടിപ്പിച്ചതും കലാപത്തിന് പ്രേരിപ്പിച്ചതുമായ വ്യക്തികളെ ഇനിയും കണ്ടെത്താനും, അറസ്റ്റ് ചെയ്യാനും ഉണ്ടെന്നിരിക്കെ ഉമര്‍ ഖാലിദിനെ മാത്രം നീണ്ടകാലമായി തടവില്‍ പാര്‍പ്പിക്കുന്നത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചതായി ലൈവ് ലോ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഒക്ടോബര്‍ ഒന്നിനാണ് ഉമര്‍ ഖാലിദ് അറസ്റ്റിലാവുന്നത്. കലാപത്തിന് പദ്ധതിയിട്ടെന്ന പേരില്‍ സെപ്തംബറില്‍ ഉമറിനെതിരെ യുഎപിഎ ചുമത്തിയിരുന്നു. നവംബര്‍ 22 നാണ് ഉമര്‍ ഖാലിദ്, വിദ്യാര്‍ഥി നേതാക്കളായ ഷര്‍ജീല്‍ ഇമാം, ഫൈസാന്‍ ഖാന് എന്നിവര്‍ക്കെതിരെ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
ആം ആദ്മി പുറത്താക്കിയ മുന്‍ കൌണ്‍സിലര്‍ താഹിര്‍ ഹുസൈന് അടക്കം പതിനഞ്ചോളം പേര് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം ജാമ്യ വ്യവസ്ഥയില്‍ ഉമര്‍ ഖാലിദ് ജയില്‍ മോചിതനാകുമ്പോള്‍ ഫോണില്‍ ആരോഗ്യസേതു ആപ്പ് ഡൌണ്‍ലോഡ് ചെയ്യണമെന്നും നിര്‍ദേശിക്കുന്നതായി ബാര്‍ ആന്റ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.