തിരുവനന്തപുരം: സംസ്ഥാനത്തെ പത്താംക്ലാസ് പരീക്ഷകളിൽ മാറ്റമില്ല. പരീക്ഷകളെല്ലാം നിലവിൽ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം തന്നെ തുടരുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. ജാഗ്രത പാലിക്കാന്‍ അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ത്രീ ലെയര്‍ മാസ്‌ക് ധരിക്കണമെന്നും ഒരു തരത്തിലും കുട്ടികള്‍ ഇടകലരരുതെന്നും നിര്‍ദേശമുണ്ട്.
ഉച്ചയോടെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകൾ റദ്ദാക്കാനും പന്ത്രണ്ടാംക്ലാസ് പരീക്ഷകൾ മാറ്റാനും തീരുമാനിച്ചിരുന്നു. അതേസമയം, ഐസിഎസ്ഇ, ഐഎസ്ഇ പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് എന്ത് വേണമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. പ്രധാനമന്ത്രിക്ക് പുറമെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, ക്യാബിനറ്റ് സെക്രട്ടറി, കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
ഇന്നത്തെ യോഗ തീരുമാനത്തോടെ മെയ് 4നും ജൂണ്‍ 14നും ഇടയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന പരീക്ഷ ടൈം ടേബിളുകള്‍ റദ്ദാക്കി. മാറ്റിവച്ച പന്ത്രണ്ടാം ക്ലാസ് പരീക്ഷ എന്നുനടത്തുമെന്നതടക്കമുള്ള കാര്യങ്ങള്‍ ജൂണ്‍ ഒന്നിന് ചേരുന്ന അവലോകന യോഗത്തില്‍ തീരുമാനിക്കാനും ധാരണയായി. ഇനി നിശ്ചയിക്കുന്ന പരീക്ഷ തിയതിക്ക് 15 ദിവസം മുമ്പ് സിബിഎസ്ഇ അറിയിപ്പ് നല്‍കും. പത്താം തരത്തില്‍ പരീക്ഷ റദ്ദാക്കിയതിന് പകരം ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ സ്ഥാന കയറ്റം നല്‍കാനാണ് തീരുമാനം. ഇതില്‍ പരാതിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എഴുത്തു പരീക്ഷ നടത്താന്‍ സിബിഎസ് ഇ സൗകര്യം ഒരുക്കും.