ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ അക്രമം നടന്ന കുച്ച്ബിഹാറില്‍ മുഖ്യമന്ത്രി മമത ബാനർജിക്ക് സന്ദർശന വിലക്ക്. തെരഞ്ഞെടുപ്പ് കമ്മിഷനാണ് മമതയെ വിലക്കിയത്. മമതയ്ക്ക് പുറമേ മറ്റ് രാഷ്ട്രീയ നേതാക്കൾക്കും കൂച്ച് ബിഹാറിൽ വിലക്കേർപ്പെടുത്തി. മൂന്ന് ദിവസത്തേയ്ക്കാണ് വിലക്ക്.
17-ാം തീയതി നടക്കാനിരിക്കുന്ന അഞ്ചാം ഘട്ട വോട്ടെടുപ്പിന് 72 മണിക്കൂര്‍ മുന്‍പ് പ്രചാരണം തീര്‍ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രി മമത ബാനര്‍ജി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഞായറഴ്ച സ്ഥലം സന്ദര്‍ശിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
കൂച്ച് ബിഹാറിൽ വോട്ടെടുപ്പിനിടെ സംഘർഷം അരങ്ങേറിയിരുന്നു. തൃണമൂൽ-കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ കേന്ദ്രസേന നടത്തിയ വെടിവയ്പിൽ അഞ്ച് പേർ മരിച്ചിരുന്നു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.
അക്രമത്തിന്റെ പശ്ചാത്തലത്തിൽ കൂച്ച് ബിഹാറിലെ പോളിംഗ് സസ്പെൻഡ് ചെയ്തു. റീ പോളിംഗ് തീയതി മറ്റന്നാൾ പ്രഖ്യാപിക്കും. അക്രമം ഉണ്ടായപ്പോഴാണ് സിഐഎസ്എഫ് വെടിയുതിർത്തതെന്നാണ് പൊലീസ് നിരീക്ഷകൻ മധുരി. ഡി. പ്രതാപ് പ്രതികരിച്ചത്. പോളിംഗ് ഉദ്യോഗസ്ഥർക്ക് നേരെ ഒരു സംഘം അക്രമം അഴിച്ചുവിട്ടുവെന്നും സംഘർഷത്തിൽ പൊലീസ് നിരീക്ഷകർക്ക് ഉൾപ്പെടെ പരുക്കേറ്റതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.