കൊളംബോ: പാം ഓയിൽ ഇറക്കുമതി നിരോധിച്ച് ശ്രീലങ്ക. പാം ഓയിലിന്റെ ഇറക്കുമതി അടിയന്തരമായി നിരോധിച്ചുകൊണ്ട് ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബായ രാജപക്‌സെ ഉത്തരവിറക്കി. പ്രാദേശിക പ്ലാന്റേഷന്‍ കമ്പനികള്‍ അവരുടെ 10 ശതമാനം എണ്ണപ്പനകള്‍ നശിപ്പിച്ച് പകരം റബ്ബറോ മറ്റു പരിസ്ഥിതി സൗഹൃദ വിളകളോ കൃഷി ചെയ്യണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. രാജ്യത്തെ ആഭ്യന്തര വെളിച്ചെണ്ണ വ്യവസായത്തിന് ഗുണം ചെയ്യുന്നതാണ് സര്‍ക്കാര്‍ തീരുമാനം.
ഇനിമുതൽ രാജ്യത്തേക്ക് വരുന്ന പാം ഓയിൽ ചരക്കുകൾക്ക് കസ്റ്റംസ് അനുമതി നൽകേണ്ടതില്ലെന്ന് നിർദേശിച്ചിട്ടുണ്ടെന്നും ശ്രീലങ്കൻ സർക്കാർ അറിയിച്ചു. ഏതാനും വർഷങ്ങളായി ശ്രീലങ്കയിലെ എണ്ണപ്പനത്തോട്ടങ്ങൾ വർദ്ധിച്ചിരുന്നുച്ചിട്ടുണ്ട്. വനനശീകരണവും പരിസ്ഥിതിക്കുണ്ടാക്കുന്ന പ്രശ്‌നങ്ങളും കുറയ്ക്കുകയാണ് ഈ തീരുമാനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പാം ഓയിൽ പ്ലാന്റേഷനുകളിൽ നിന്നും പാം ഓയിൽ ഉപഭോഗത്തിൽ നിന്നും ശ്രീലങ്കയെ മുക്തമാക്കുക എന്നതാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമെന്നും സർക്കാർ വ്യക്തമാക്കി.
രാജ്യത്തെ പാം ഓയിൽ കൃഷി ക്രമേണ നിരോധിക്കാൻ ആറ് മാസങ്ങൾക്ക് മുമ്പുതന്നെ പ്രസിഡന്റ് നിർദേശിച്ചിരുന്നു. പത്തു ശതമാനം വീതം എണ്ണപ്പനകൾ ഘട്ടംഘട്ടമായി നശിപ്പിക്കാനാണ് നിർദേശം.
മലേഷ്യ, ഇന്‍ഡൊനീഷ്യ എന്നീ രാജ്യങ്ങളില്‍ നിന്ന് വര്‍ഷംതോറും 20,00,000 ടണ്‍ പാം ഓയിലാണ് ശ്രീലങ്ക ഇറക്കുമതി ചെയ്യുന്നത്. നിരോധനം ഏര്‍പ്പെടുത്തിയ നടപടി പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ പാം ഓയില്‍ ഉത്പാദനവും ഉപയോഗവും പൂര്‍ണമായും നിര്‍ത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ഉത്തരവില്‍ പറയുന്നു.