കേരളത്തിലെ രണ്ട് പ്രബല പാർട്ടികളുടെ യുവ ബുദ്ധി കേന്ദ്രങ്ങൾ മത്സരിക്കുന്ന ഇടം, അതാണ് തൃത്താല. മൂന്നാം തവണ അംഗത്തിനിറങ്ങുന്ന കോൺഗ്രസിന്റെ യുവ നേതാവ് അഡ്വ. വി.ടി. ബൽറാമും തൃത്താലയിൽ ആദ്യ അംഗത്തിനിറങ്ങുന്ന സിപിഐ (എം) ന്റെ മുൻ എംപി എം.ബി. രാജേഷും തമ്മിലാണ് തൃത്താലയിൽ പ്രധാന പോരാട്ടം. പ്രചാരണത്തിൽ രണ്ടുപേരും ബലാബലമാണെങ്കിലും വി.ടി. ബൽറാമിന് മുൻതൂക്കമെന്നാണ് പ്രവചനം.
1991 മുതൽ തുടർച്ചായി നാല് തവണ എൽഡിഎഫ് ഭരിച്ച മണ്ഡലം 2011 ലാണ് വി.ടി. ബൽറാം പിടിച്ചെടുത്തത്. 2011 ൽ യുഡിഎഫിന് ഭരണം നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച മണ്ഡലമാണ് തൃത്താല. വോട്ടെണ്ണൽ അവസാന ലാപ്പിലേക്ക് നീണ്ടതോടെ അടിമുടി സസ്പെൻസ് നിറഞ്ഞ കാത്തിരിപ്പായിരുന്നു തൃത്താലയിലെ ഫലത്തിനായി. ഒടുവിൽ 20 വർഷം സിപിഎമ്മിന്റെ കോട്ടയായിരുന്ന തൃത്താലയിൽ ബൽറാം കോട്ട പൊളിച്ച് മൂവർണ്ണക്കൊടി പാറിച്ചു.
2011 ൽ 3197 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വി.ടി. ബൽറാം തൃത്താലയിൽ വിജയിച്ചത്. അന്ന് സിപിഎമ്മിന്റെ പി മമ്മിക്കുട്ടി 54651 (44.75%) വോട്ട് നേടിയപ്പോൾ 57848 (47.37%) വോട്ടാണ് വി.ടി. ബൽറാം നേടിയത്. മൂന്നാം സ്ഥാനത്ത് എത്തിയ ബിജെപിക്ക് ആകെ നേടാനായത് 5899 വോട്ടുകൾ മാത്രമാണ്. 2016 ൽ കോൺഗ്രസ് സ്ഥാനാർഥി വി.ടി ബൽറാം രണ്ടാമൂഴത്തിൽ 66505 വോട്ടുകൾ നേടിയപ്പോൾ സിപിഎം സ്ഥാനാർഥി സുബൈദ ഇസഹാക്ക് 55958 വോട്ടുകളാണ് നേടിയത്. ബിജെപിയുടെ വി.ടി. രമ 2011 ൽ നേടിയത് 14510 വോട്ടുകളാണ്.
തൃത്താല മണ്ഡലത്തിന്റെ ചരിത്രം പരിശോധിച്ചാൽ 1977 മുതൽ 1987 വരെ 10 വർഷം കോൺഗ്രസ് വിജയിച്ച മണ്ഡലമാണ് ഇത്. 1977 ൽ വിജയിച്ച കെ ശങ്കരനാരായണൻ ആണ് മണ്ഡലത്തിൽ നിന്നുള്ള ആദ്യ എംഎൽഎ. പിന്നീട് 1991 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കോട്ട തകർത്ത് 1991, 1996, 2001, 2006 വർഷങ്ങളിൽ തുടർച്ചയായി നാല് തവണ സിപിഎമ്മിനൊപ്പമായിരുന്നു മണ്ഡലം. പിന്നീട് 2011 ലും 2016 ലും ബൽറാമിലൂടെ തൃത്താല കോൺഗ്രസ് തിരിച്ചു പിടിച്ചു.
ഇത്തവണ മറുവശത്ത്, കരുത്തനായ സ്ഥാനാർത്ഥിയെയാണ് എൽഡിഎഫ് പരീക്ഷിക്കുന്നത്. 2009 മുതൽ 2019 വരെ പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ നിന്നും എംപിയായിരുന്ന എം.ബി. രാജേഷിനെ മണ്ഡലത്തിൽ മത്സരിപ്പിക്കുന്നത് മണ്ഡലം തിരിച്ചു പിടിക്കാമെന്ന ഉറച്ച പ്രതീക്ഷയിൽ തന്നെയാണ്. തൃത്താലയിൽ മത്സരിക്കാനില്ലെന്ന് ആദ്യഘട്ടത്തിൽ അറിയിച്ച രാജേഷ് ഒടുവിൽ പാർട്ടി താല്പര്യത്തിന് ഒപ്പം നിൽക്കുകയായിരുന്നു.
2009 ൽ തുടർച്ചയായി മൂന്ന് തവണ ലോകസഭംഗമായിരുന്ന എൻ.എൻ. കൃഷ്ണദാസിനെ മാറ്റി സിപിഎം എം.ബി. രാജേഷിനെ പരീക്ഷിക്കുകയായിരുന്നു. ഇത് സിപിഎമ്മിന് ഗുണമാവുകയും ചെയ്തു. മികച്ച പാർലമെന്റേറിയനെ തന്നെ സിപിഎമ്മിന് ലഭിച്ചു. 2014 ൽ എം.ബി. രാജേഷ് വിജയം ആവർത്തിച്ചു. എന്നാൽ 2019 ൽ എം.ബി. രാജേഷിന് അടിതെറ്റി. കോൺഗ്രസ് സ്ഥാനാർഥി വി.കെ. ശ്രീകണ്ഠനോടായിരുന്നു പരാജയം.
നിയമസഭയിലേക്കുള്ള എം.ബി രാജേഷിന്റെ കന്നി അംഗമാണിത്. ദേശീയ രാഷ്ട്രീയത്തിൽ നിന്ന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ചുവട് മാറുന്നതിന്റെ കൂടി ഭാഗമാണ് ഇപ്പോഴത്തെ മത്സരം. എന്നാൽ മത്സരത്തിൽ ബൽറാമിനെ പരാജയപ്പെടുത്താൻ സാധിച്ചില്ലെങ്കിൽ അത് രാജേഷിന് കനത്ത ആഘാതമായിരിക്കും സൃഷ്ടിക്കുക. ഈ സർക്കാരിന്റെ കാലത്തെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദവും രാജേഷിന് മണ്ഡലത്തിൽ ക്ഷീണം ചെയ്യുന്നുണ്ട്. മണ്ഡലത്തിലെ ജനകീയ മുഖമല്ല എന്നതും വസ്തുതയാണ്. അതേസമയം തന്നെ പാർലമെന്റിലെ മികച്ച പ്രകടനവും പിണറായി വിജയൻ സർക്കാരിന്റെ പ്രവർത്തനങ്ങളും ഉയർത്തിയാണ് രാജേഷിന്റെ പ്രചാരണം. തുടർഭരണം ആവശ്യപ്പെട്ടാണ് വോട്ട് അഭ്യർത്ഥന.
അതേസമയം, മറുവശത്ത് വി.ടി. ബൽറാം വോട്ട് തേടുന്നത് കഴിഞ്ഞ പത്ത് വർഷത്തെ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ചാണ്. തന്റെ ഫണ്ടിന്റെ 80 ശതമാനവും യുവാക്കൾക്കും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും വേണ്ടി ചെലവഴിച്ചെന്നാണ് ബൽറാം വ്യക്തമാക്കുന്നത്. മണ്ഡലത്തിലെ സർക്കാർ കോളേജ് ഉൾപ്പെടെ വിവിധ വികസന പ്രവർത്തനങ്ങൾ അദ്ദേഹത്തിന് ചൂണ്ടികാണിക്കാനുണ്ട്. മണ്ഡലത്തിലെ ജനകീയ മുഖമാണ് എന്നതും അദ്ദേഹത്തിന്റെ നേട്ടമാണ്. അതോടൊപ്പം സർക്കാർ വിരുദ്ധതായും യുഡിഎഫ് പ്രകടന പത്രികയും തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്നുണ്ട്.
മണ്ഡലത്തിൽ ത്രികോണ മത്സരം ഇല്ല എന്നതും ശ്രദ്ദേയമാണ്. ബിജെപിക്ക് കാര്യമായ വേരുറപ്പിക്കാൻ മണ്ഡലത്തിൽ സാധിച്ചിട്ടില്ല. പാലക്കാട് മണ്ഡലത്തിലെ ഏറെ തീപാറുന്ന പോരാട്ടം നടക്കുന്ന മണ്ഡലമായ തൃത്താലയിൽ ആര് വിജയിക്കും എന്നറിയാൻ കാത്തിരിക്കുകയല്ലാതെ മറ്റു വഴികൾ ഇല്ല.