ഛണ്ഡിഗഢ്: ഹോളി ദിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ വിവാദ കാര്‍ഷിക ബില്ലുകളുടെ പകര്‍പ്പുകള്‍ കത്തിച്ച് പഞ്ചാബിലെ കര്‍ഷകര്‍. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന കര്‍ഷക യൂണിയനുകളുടെ സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ (എസ്‌കെഎം) ആഹ്വാനപ്രകാരമാണ് കര്‍ഷകര്‍ നിയമങ്ങളുടെ പകര്‍പ്പുകള്‍ തീയിട്ടത്.
മൂന്ന് നിയമനിര്‍മ്മാണങ്ങളും റദ്ദാക്കണമെന്ന് പ്രതിഷേധത്തിന് ശേഷം കർഷകർ ആവശ്യപ്പെട്ടു. പ്രതിഷേധിച്ച കര്‍ഷകര്‍ സംസ്ഥാനത്തെ 16 ജില്ലകളിലെ 42 സ്ഥലങ്ങളില്‍ മൂന്ന് കാര്‍ഷിക നിയമനിര്‍മ്മാണങ്ങളുടെ പകര്‍പ്പുകള്‍ കത്തിച്ചു.
തിന്മയ്ക്ക് മേല്‍ നന്മയുടെ വിജയം എന്ന സന്ദേശം നല്‍കുന്നതാണ് ഹോളി ആഘോഷം. ഈ ദിനത്തിലാണ് കേന്ദ്രത്തിന്റെ കർഷക ദ്രോഹ തിന്മയായ ബില്ലുകൾ കത്തിച്ചത്.
അതേസമയം, പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയിലെ സിങ്കു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളില്‍ ഇപ്പോളും സമരം തുടരുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ നാല് മാസത്തോളമായി കര്‍ഷകര്‍ അതിര്‍ത്തിയില്‍ സമരം ചെയ്യുകയാണ്
















