ന്യൂഡല്‍ഹി: ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ക്ഷമ ചോദിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ബംഗ്ലാദേശില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് തെറ്റായ പരാമര്‍ശനം നടത്തിയ സംഭവത്തിലാണ് ശശി തരൂരിന്റെ ഖേദ പ്രകടനം.
ട്വിറ്ററിലൂടെയാണ് തനിക്ക് തെറ്റ് പറ്റിയെന്ന് തരൂര്‍ വ്യക്തമാക്കിയത്. ‘തലക്കെട്ടുകള്‍ പെട്ടെന്ന് വായിച്ചതിന്റെയും മറ്റ് പല ട്വീറ്റുകളുടെയും’ അടിസ്ഥാനത്തിലായിരുന്നു തെറ്റായ പ്രതികരണം തന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ശശി തരൂര്‍ തുറന്നു സമ്മതിച്ചു. കിഴക്കന്‍ ഭാഗത്തിന്റെ വിമോചനത്തിലെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പങ്ക് പ്രധാനമന്ത്രി അംഗീകരിച്ചില്ലെന്ന് സൂചിപ്പിച്ചു ഇന്നലെയാണ് തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍, മോദി ഇതുസംബന്ധിച്ച് പരാമര്‍ശം നടത്തിയിരുന്നു. തരൂര്‍ ഇത് ശ്രദ്ധിക്കാതെയാണ് പോസ്റ്റിട്ടത്.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി ബംഗ്ലാദേശില്‍ എത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം പരിപോഷിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള വിപുലമായ പരിപാടികളാണ് സന്ദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.